
ബെംഗളൂരു: പ്രതിപക്ഷ പ്രതിഷേധത്തിനിടിയിൽ മതപരിവർത്തന നിരോധനബിൽ പാസാക്കി കർണാടക നിയമസഭ. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
ചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്. ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ കീറിയെറിഞ്ഞിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബിൽ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.