
ജനീവ : കൊവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടു പിടിക്കപ്പെടുമ്പോൾ വാക്സിനുകൾ വാങ്ങിക്കൂട്ടുന്ന സമ്പന്ന രാജ്യങ്ങളുടെ പ്രവണതയെ രൂക്ഷമായി വിമർശിച്ച് ലോകാരോഗ്യ സംഘടന. ഇത് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വാക്സിൻ നല്കുകയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും ഇത്തരം നടപടികൾ വാക്സിൻ അസമത്വം വർദ്ധിപ്പിക്കുവാൻ കാരണമാകുന്നുവെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. കൊവിഡ് മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പൗരന്മാർക്ക് നാലാം ഡോസ് വാക്സിൻ നല്കുമെന്ന ഇസ്രയേലിന്റേയും ജർമ്മനിയുടേയും പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ യുടെ പ്രതികരണം. രണ്ട് ഡോസ് സ്വീകരിച്ചവർക്ക് അധിക ഡോസ് നൽകുന്നതിന് പകരം, ദരിദ്ര രാഷ്ട്രങ്ങളിലെ രോഗസാദ്ധ്യതയുള്ള ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണ് ശ്രമിക്കേണ്ടതെന്ന് ടെഡ്രോസ് കൂട്ടിച്ചേർത്തു. മരുന്നു കമ്പനികൾ നിർമ്മിച്ച വാക്സിനുകളുടെ മുക്കാൽ ഭാഗവും വാങ്ങിക്കൂട്ടിയ സമ്പന്ന രാജ്യങ്ങൾ തന്നെ വീണ്ടും വാക്സിൻ വാങ്ങുകയും ദരിദ്ര രാഷ്ട്രങ്ങൾക്ക് കിട്ടാതാവുകയും ചെയ്യുമ്പോൾ മഹാമാരി ലോകത്ത് കൂടുതൽ കാലം നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടാവുകയാണ് ചെയ്യുന്നത്. ഇത് കൊവിഡ് വൈറസിന്റെ കൂടുതൽ ജനിതകമാറ്റം സംഭവിച്ച പതിപ്പുകളുണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസുകളും അധിക ഡോസുകളും നൽകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ദരിദ്ര രാഷ്ട്രങ്ങൾ വാക്സിന്റെ കാര്യത്തിൽ വീണ്ടും തഴയപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഡബ്ല്യു.എച്ച്.ഒ യുടെ കണക്കനുസരിച്ച് സമ്പന്നരാജ്യങ്ങളിലെ 67 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട്. എന്നാൽ, ദരിദ്രരാജ്യങ്ങളിൽ 10 ശതമാനത്തിലും താഴെ പേർക്ക് മാത്രമാണ് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നാലിൽ മൂന്ന് ആരോഗ്യപ്രവർത്തകരും വാക്സിൻ ലഭിക്കാതെയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഒമിക്രോൺ 106 രാജ്യങ്ങളിൽ
ഒമിക്രോൺ വൈറസ് ഇതുവരെ 106 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് നിലവിൽ നല്കി വരുന്ന കൊവിഡ് വാക്സിനുകൾ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്നാണ്. ബോസ്റ്റർ ഡോസ് നല്കാൻ തിടുക്കം കാണിക്കുന്നതിന് പകരം എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നല്കാൻ ശ്രമിക്കുകയാണ് ലോകരാജ്യങ്ങൾ ചെയ്യേണ്ടതെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. ബൂസ്റ്റർ ഡോസ് എടുക്കാത്തവരിലല്ല, വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്തവരിലാണ് ആശുപത്രി വാസവും മരണങ്ങളും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാസ്ക്, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കാൻ വിമുഖത കാട്ടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.