
ലണ്ടൻ: സന്നദ്ധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കലണ്ടൻ പുറത്തിറക്കുന്നതിൽ വലിയ പുതുമയൊന്നുമില്ല. ഈ ആവശ്യത്തിനായി പുറത്തിറക്കുന്ന കലണ്ടറുകൾ കുറച്ചൊക്കെ വിറ്റുപോകും. പ്രവർത്തനങ്ങൾക്ക് വേണ്ട പണവും കിട്ടും. എന്നാൽ സ്കോട്ട്ലൻഡിലെ യുവ കർഷകരെ മോഡലാക്കി പുറത്തിറക്കിയ കലണ്ടർ പ്രതീക്ഷകൾ ഒക്കെ തകർത്ത് മുന്നേറുകയാണ്. അടിച്ചിറക്കിയ കലണ്ടറുകളെല്ലാം ചൂടപ്പംപോലെ വിറ്റുപോയി. ഓൺലൈൻ വഴിയുള്ളതിനും ആവശ്യക്കാരേറെ. മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുകായിരുന്നു ലക്ഷ്യം.
സാധാരണ രീതിയിലുള്ളതാണ് കലണ്ടറെങ്കിലും അതിലെ ചിത്രങ്ങളാണ് സൂപ്പർഹിറ്റായത്. യുവ കർഷകർ നൂൽബന്ധമില്ലാതെയാണ് പോസുചെയ്തത് എന്നതാണ് കാരണം. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് എല്ലാം. പൂർണ നഗ്നരാണെങ്കിലും ചില വസ്തുക്കൾ ഉപയോഗിച്ച് ശരീരത്തിന്റെ അത്യാവശ്യ ഭാഗങ്ങൾ മറച്ചിട്ടുണ്ട്. മൃഗങ്ങളെ പരിപാലിച്ചുകൊണ്ട് നിൽക്കുന്നതും ട്രാക്ടർ പോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുനിൽക്കുന്ന രീതിയുള്ളതാണ് ചിത്രങ്ങളിൽ ഏറെയും. അതിനാൽ സ്വാഭാവികതയും കൂടും. സ്‌കോട്ട്‌ലൻഡിലെ ലോതിയൻ ആൻഡ് പീബ്‌ലെസ്‌ഷെയർ യംഗ് ഫാർമേഴ്‌സ് ക്ലബ്ബാണ് കലണ്ടറിന് പിന്നിലെ ബുദ്ധികേന്ദ്രം.
മോഡലാവാൻ വേണ്ടി ആൾക്കാരെ സംഘടിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നാണ് ക്ളബിന്റെ ഭാരവാഹികൾ പറയുന്നത്. സമീപിച്ചപ്പോൾ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. ഒടുവിൽ കുറച്ചുപേർ തയ്യാറായി എത്തുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞപ്പോഴും സംഗതി ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഒരിക്കലും കരുതിയതേ ഇല്ല. കലണ്ടർ ഹിറ്റായെങ്കിലും ഇതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശങ്ങൾ ഉയരുന്നുണ്ട്. ഏറ്റവും മോശം കലണ്ടർ എന്നാണ് പ്രധാന വിമർശനം.