
മലയിൻകീഴ്: പ്ളസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടിൽ എസ്. ആൽബർട്ട് ജോസഫാണ് (അപ്പു-24) വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്. കെട്ടിടനിർമ്മാണ തൊഴിലാളിയായ യുവാവ് പെൺകുട്ടിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു. കുട്ടിയുമായും വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ച ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഇതിനിടെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടിയുമായി കൂടുതൽ അടുത്ത ഇയാൾ വീട്ടിൽ രക്ഷിതാക്കൾ ഇല്ലാത്ത സമയത്തെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ പകർത്തി പ്രതിയും ബന്ധുവും ചേർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ ഇവിടെനിന്ന് മുങ്ങി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ആൽബർട്ട് മൂന്നാർ ഭാഗത്തുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിളപ്പിൽശാല എസ്.എച്ച്.ഒ എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ മൂന്നാറിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തൂവൽ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആർ.വി. ബൈജു, സി.പി.ഒമാരായ ജയശങ്കർ, പ്രദീപ്, പ്രജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
(ഫോട്ടോ അടിക്കുറിപ്പ്...അറസ്റ്റിലായ എസ്.ആൽബർട്ട് ജോസഫ്