
ഏഥൻസ്: ഗ്രീസിൽ അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് പേർ മരിച്ചു.
നിരവധി പേരെ കാണാതായി. തെക്കു കിഴക്കൻ ഏതൻസിലെ സൈക്ലേഡ്സിലെ ഫോലെഗാൻഡ്രോസ് ദ്വീപിൽ നിന്ന് ഇറാഖിൽ നിന്നുള്ളവരെന്ന് കരുതപ്പെടുന്ന 12 പേരെ രക്ഷിച്ചതായി കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടിൽ 50 പേരുണ്ടായിരുന്നതായാണ് വിവരം. കാണാതായവർക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബോട്ടിന്റെ എൻജിൻ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി അപകടത്തെപ്പറ്റി വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ആളുകൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കെത്തുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണ് ഗ്രീസ്. തുർക്കി തീരത്തിനടുത്ത് നിന്ന് ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.