self

സ്വയംഭോഗം ചെയ്യാത്തവരായി വളരെ കുറച്ച് പേരേ കാണൂ. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിന് സ്വയംഭോഗം വളരെ അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ തന്നെ പറയുന്നത്. സ്വയംഭോഗം തികച്ചും സ്വാഭാവികമാണ് എന്നാണ് വൈദ്യശാസ്ത്രത്തിന്റെ അഭിപ്രായം. ഒട്ടേറെ ഗുണങ്ങൾ ഇത് പ്രദാനം ചെയ്യുന്നുണ്ട്. പക്ഷേ, അധികമാകരുതെന്ന് മാത്രം.

ഒത്തിരി ഗുണങ്ങളുണ്ടെങ്കിലും സ്വയംഭോഗം ചെയ്യുന്നതിന് പലപ്പോഴും ആശാസ്യമല്ലാത്ത രീതികൾ ഒത്തിരി സ്വീകരിക്കപ്പെടുന്നു എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിപ്പ് നൽകുന്നുണ്ട്. വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ആവശ്യത്തിന് ലൂബ്രിക്കന്റുകൾ ഉപയോഗിക്കാതെ സ്വയംഭോഗം ചെയ്യുന്നത് ചർമ്മത്തിൽ തിണർപ്പിനും അതിലൂടെ നീർവീക്കത്തിനും കാരണമാകാം. ശക്തമായ ഉരസൽ മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. പുരുഷന്മാർക്കാണ് ഇത് കൂടുതലായി കാണുന്നത്. സ്ത്രീകൾ ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോൾ തന്നെ യോനിയിൽ നിന്ന് ഡിസ്‌ചാർജുകൾ ഉണ്ടാവുന്നു. അതിനാലാണ് അവർക്ക് ഉരസൽ മൂലമുളള പ്രശ്നങ്ങൾ ഉണ്ടാവാത്തത്. എന്നാൽ വികാരം കൂടുമ്പോൾ ജനനേന്ദ്രിയ ഭാഗങ്ങളിൽ ശക്തമായി അമർത്താതിരിക്കാൻ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത് അവയവങ്ങളുടെ ഉത്തേജനം കുറച്ചേക്കാം.

യോനിയിൽ അന്യവസ്തുക്കൾ കടത്തിയുള്ള സ്വയംഭോഗവും നന്നല്ല. സെക്സ് ടോയിസ് ആണെങ്കിൽ വലിയ പ്രശ്നമില്ല. അല്ലാതുള്ള വസ്തുക്കൾ കടത്തിയാൽ ചിലപ്പോൾ മുറിഞ്ഞ് ഉള്ളിലിരിക്കാൻ സാദ്ധ്യതയുണ്ട്. അതുപോലെ അത്തരം വസ്തുക്കളിൽ ഉള്ള അണുക്കൾ ശരീരത്തിലെത്തി പ്രശ്നങ്ങൾ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. അന്യവസ്തുക്കൾ അകത്ത് കുടുങ്ങിയാൽ പുറത്തെടുക്കാൻ ഡോക്ടറുടെ സഹായം തേടേണ്ടിവരും. അതുണ്ടാക്കുന്ന മാനസിക പ്രശ്നം വലുതായിരിക്കും.

ജനനേന്ദ്രിയ ഭാഗത്ത് ശക്തമായി വെള്ളം ചീറ്റി സ്വയം ഭോഗത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. ഇതും പ്രശ്നങ്ങൾ ഉണ്ടാക്കും. വെള്ളം ശക്തമായി വീഴുന്നത് യോനീഭാഗത്തെ മൃദുവായ ഭാഗങ്ങൾക്ക് ക്ഷതമേപ്പിച്ചേക്കാം. അതിലൂടെ അണുബാധയും ഉണ്ടാവാം.

സ്വയംഭോഗം കഴിഞ്ഞാൽ ജനനേന്ദ്രിയങ്ങൾ വൃത്തിയാക്കാൻ മിക്കവരും മടി കാണിക്കാറുണ്ട്. എന്നാൽ ഇത് ഒട്ടും ആശാസ്യമല്ല. സ്വയംഭോഗം മൂലം പുറത്തുവരുന്ന സ്രവങ്ങൾ അടിവസ്ത്രത്തിലോ മറ്റ് വസ്ത്രങ്ങളിലോ ആയാൽ ആ വസ്ത്രങ്ങൾ മാറ്റണം. ജനനേന്ദ്രിയ ഭാഗങ്ങൾ വൃത്തിയാക്കാൻ വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കാം. പുരുഷന്മാർ ജനനേന്ദ്രിയം വൃത്തിയാക്കുമ്പോൾ അഗ്രചർമ്മം പുറകോട്ടുനീക്കിവേണം വൃത്തിയാക്കാൻ. സ്വയംഭോഗം കഴിഞ്ഞാൽ മൂത്രമൊഴിക്കുന്നത് സ്ത്രീക്കും പുരുഷനും നന്നാണ്.

സ്വയംഭാേഗത്തിന് അടിമപ്പെട്ടവർ ദിവസത്തിൽ പലപ്രാവശ്യം ഇത് ചെയ്യാറുണ്ട്. ആരോഗ്യപരമായി വലിയ കുഴപ്പം ഉണ്ടാക്കില്ലെങ്കിലും പഠനത്തെയും ജോലിയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. അത്തരമൊരു അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെങ്കിൽ എത്രയുംപെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ആണും പെണ്ണും സ്വയംഭോഗത്തിൽ ഏർപ്പെടുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന വീഡിയോകളാേ ദൃശ്യങ്ങളോ കണ്ടുകൊണ്ടോ അത്തരം ദൃശ്യങ്ങൾ ഭാവനയിൽ കണ്ടുകൊണ്ടോ ആയിരിക്കും. ഇത് സ്വാഭാവികം. എന്നാൽ പതിവായി സ്വയംഭോഗം ചെയ്യുമ്പോൾ നാം അറിയാതെ ഇത്തരം ദൃശ്യങ്ങൾക്കും ചിന്തകൾക്കും അടിമപ്പെട്ടേക്കാം. അത് ഉണ്ടാവാതെ നോക്കണം.