
തിരുവനന്തപുരം: അനന്തശായിയായ ശ്രീപദ്മനാഭന് മുമ്പിൽ താണുവണങ്ങി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏറെനേരം കണ്ണടച്ചു നിന്നു. പിന്നെ ചിരിച്ചുകൊണ്ട് കണ്ണു തുറന്നു. പെരിയനമ്പി നൽകിയ പ്രസാദം സ്വീകരിച്ചു. രാഷ്ട്രപതിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശ്രീപദ്മനാഭസ്വാമി ദർശനം. അദ്ദേഹം ക്ഷേത്രത്തിന്റെ ഐതിഹ്യത്തെയും ചരിത്രത്തെയും പറ്റി ജീവനക്കാരിൽ നിന്ന് ചോദിച്ചു മനസിലാക്കി.
ക്ഷേത്ര നിർമ്മിതിയെ കുറിച്ചറിഞ്ഞ് പ്രഥമപൗരൻ ആശ്ചര്യംപൂണ്ടു. ഇന്നലെ വൈകിട്ട് 5.20ന് ഭാര്യ സവിതാ കോവിന്ദ്, മകൾ സ്വാതി കോവിന്ദ്, കേന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവർക്കൊപ്പമെത്തിയ അദ്ദേഹം ക്ഷേത്രത്തിന്റെ വടക്കേനടയിലൂടെയാണ് ഉള്ളിൽ പ്രവേശിച്ചത്. ക്ഷേത്രം ഉപദേശകസമിതി ചെയർമാൻ ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ, ഭരണസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, ആദിത്യവർമ്മ, ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ്‌കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
അഗ്രശാല ഗണപതിയെ വണങ്ങി കൊടിമരച്ചുവട്ടിലൂടെ ശ്രീകോവിലിനുള്ളിൽ കടന്ന അദ്ദേഹം തെക്കേടത്ത് നരസിംഹമൂർത്തിയെ വണങ്ങിയ ശേഷം ശ്രീപദ്മനാഭസ്വാമിയുടെ ശ്രീകോവിലിൽ പ്രവേശിച്ചു. പിന്നീട് തിരുവാമ്പാടി ശ്രീകൃഷ്‌ണക്ഷേത്രം, തെക്കേനടയിലെ ശാസ്‌താക്ഷേത്രം എന്നിവയും തൊഴുതാണ് അദ്ദേഹം പുറത്തേക്കിറങ്ങിയത്. വടക്കേനടയിൽ മടങ്ങുന്ന വേളയിൽ ക്ഷേത്രത്തിന്റെ ഉപകാരമായി ഓണവില്ല്, ശ്രീപദ്മനാഭസ്വാമിയുടെ ചിത്രം,ശില്പം, പുതുവർഷ കലണ്ടർ എന്നിവ അദ്ദേഹത്തിന് ക്ഷേത്രം അധികൃതർ സമ്മാനിച്ചു. അധികൃതരുടെ ആവശ്യപ്രകാരം ക്ഷേത്രത്തിലെ പുതുവർഷ കലണ്ടർ രാഷ്ട്രപതി പ്രകാശനം ചെയ്‌തു.