fftggffg

കൊളംബോ: പട്ടം പറത്തൽ മത്സരത്തിനിടെ പട്ടത്തോടൊപ്പം പറന്നുയർന്ന് യുവാവ്. ശ്രീലങ്കയിലെ ജഫ്നയിലാണ് പട്ടത്തോടൊപ്പം 30 അടിയോളം ഉയരത്തിൽ യുവാവ് പൊങ്ങിപ്പോയത്. പിന്നീട് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. തൈപൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പട്ടം പറത്തൽ മത്സരത്തിൽ പങ്കെടുക്കാൻ ഒട്ടേറെ പേർ എത്താറുണ്ട്. ഇതിൽ പങ്കെടുക്കാനാണ് യുവാവ് ഉൾപ്പെടെയുള്ള കൂട്ടുകാരുടെ ആറംഗ സംഘം എത്തിയത്. പ്രത്യേകമായി തയാറാക്കിയ വലിയ കയറിലാണ് പട്ടം ഘടിപ്പിച്ചിരുന്നത്. മത്സരം തുടങ്ങിയപ്പോൾ പട്ടം പതിയെ പൊങ്ങാനായി കൂട്ടത്തിലുള്ള എല്ലാവരും കയറിൽ നിന്നും പതിയെ പിടി അയച്ചു. എന്നാൽ യുവാവ് മാത്രം പട്ടത്തിൽ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു. ഇതോടെ ഇയാൾ പട്ടത്തോടൊപ്പം പൊങ്ങി പോവുകയുമായിരുന്നു. പ്രദേശത്ത് ശക്തമായ കാറ്റും ഉണ്ടായിരുന്നതിനാൽ 30 അടിയോളം ഉയരത്തിൽ വരെ യുവാവ് പൊങ്ങിപ്പോയി. പട്ടത്തിൽ നിന്ന് പിടിവിടാൻ താഴെ നിന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ഒരു മിനിട്ടോളം സമയം ആകാശത്ത് പറന്ന് നടന്നതിന് ശേഷം ഇയാൾ പതിയെ കയറിന്റെ പിടി വിടുകയായിരുന്നു.താഴേക്ക് പതിച്ച യുവാവ് ഗുരുതരമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പട്ടത്തോടൊപ്പം യുവാവ് പറന്നു പൊങ്ങുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.