
റോം : സഭ അധികാരികൾ വിനയശീലം കൈവിടരുതെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. മറ്റുള്ളവരെ മറന്ന് സ്വന്തം കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത് ആത്മീയതയെ നശിപ്പിക്കുമെന്നും സഭയുടെ ദൗത്യത്തെ കളങ്കപ്പെടുത്തുമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കഴിഞ്ഞകാലങ്ങളെ കുറിച്ച് മാത്രമല്ല, ഭാവിയെ കുറിച്ചുകൂടി ആശങ്കപ്പെടുന്നവരാകും വിനയാന്വിതർ. എങ്ങനെ മുന്നോട്ടു നീങ്ങണമെന്ന് അവർക്ക് വ്യക്തതയുണ്ടാകും. ഭൂതകാലത്തെ നന്ദിയോടെ സ്മരിക്കും. ഭാവിയിൽ കൃത്യമായി നടക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് അവർക്ക് തീർച്ചയുണ്ടാകും.അഹങ്കാരികൾ മറ്റുള്ളവരെക്കാൾ തന്റെ കാര്യങ്ങൾക്കാണ് കൂടുതൽ വിലകൽപിക്കുക. അതിനാൽ ചെയ്തുകൂട്ടിയ പാപങ്ങളെ കുറിച്ച് തിരിച്ചറിവോ പശ്ചാത്താപമോ ഉണ്ടാവില്ല. സഭയുമായി ബന്ധംപുലർത്തുന്നവർ ഒരിക്കലും ഈ സ്വഭാവത്തിനുടമ ആയിരിക്കരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു.