uyghur-muslim

വാഷ്ടിംഗ്ടൺ : ചൈനയിലെ സിൻജിയാങ് മേഖലയിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കുന്ന നിയമനിർമ്മാണത്തിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. നിർബന്ധിത തൊഴിലാളികളെ ചൈന ഉപയോഗിക്കുന്നു എന്ന ആശങ്കകളുടെ പേരിലാണ് ഈ തീരുമാനം അമേരിക്ക എടുത്തത്. ചൈനയിലെ ഉയ്‌ഗൂർ മുസ്ലീം ന്യൂനപക്ഷത്തോടുള്ള ബീജിംഗിന്റെ പെരുമാറ്റത്തിനെ വംശഹത്യ എന്നാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഉയ്ഗൂർ നിർബന്ധിത തൊഴിൽ നിരോധന നിയമം കൊണ്ടു വന്നത്. അമേരിക്കയുടെ ചുവട് പിടിച്ച് മറ്റ് രാജ്യങ്ങളും ഈ പാത പിന്തുടർന്നാൽ അത് ചൈനയ്ക്ക് വലിയ തിരിച്ചടിയായേക്കും.

ഉയ്‌ഗൂറുകൾക്കായി ബെയ്ജിംഗിൽ തടങ്കൽപ്പാളയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും, സിൻജിയാങ്ങിൽ നിന്നുള്ള എല്ലാ സാധനങ്ങളും നിർബന്ധിത തൊഴിലാളികളെ ഉപയോഗിച്ചാണ് നിർമ്മിക്കുന്നതെന്നും പാശ്ചാത്യ മാദ്ധ്യമങ്ങളിൽ സ്ഥിരമായി റിപ്പോർട്ടുകളുണ്ട്. മുൻ യു എസ് പ്രസിഡന്റ് ട്രംപും ചൈനയിലെ സിൻജിയാങിൽ നിന്നുള്ള കോട്ടൺ ഉൾപ്പടെയുള്ള ഉത്പന്നങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ചിരുന്നു.

വംശഹത്യയ്ക്കും അടിമവേലയ്ക്കുമെതിരെ ശക്തമായതും അവ്യക്തവുമായ സന്ദേശം അയയ്‌ക്കേണ്ടത്' ആവശ്യമാണെന്ന് ഉയ്‌ഗൂർ നിർബന്ധിത തൊഴിൽ നിരോധന നിയമത്തെ ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് സെനറ്റർ ജെഫ് മെർക്ക്ലി പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് ഏകദേശം ഒൻപത് ബില്യൺ ഡോളറിന്റെ പരുത്തി ഉത്പന്നങ്ങളും 10 മില്യൺ ഡോളറിന്റെ തക്കാളി ഉൽപ്പന്നങ്ങളും അമേരിക്ക ഇറക്കുമതി ചെയ്തിട്ടുണ്ട്.