
കെ എസ് സേതുമാധവൻ എന്ന സംവിധായകൻ വിട പറയുമ്പോൾ ഒരു യുഗം തന്നെയാണ് അവസാനിക്കുന്നത്. മലയാളത്തിലും തമിഴിലും തിളങ്ങി നിൽക്കുന്ന ഇന്നത്തെ സൂപ്പർ താരങ്ങളുടെയെല്ലാം വളർച്ചയ്‌ക്ക് അദ്ദേഹം വഹിച്ച പങ്ക് ഒട്ടും ചെറുതല്ല.
സത്യനും നസീറും തിക്കുറിശും തുടങ്ങി മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കമലഹാസനും വരെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഉയരങ്ങളിലേക്ക് കുതിച്ചത്. സിനിമയെ എന്നും ദൈവികമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്.
എത്ര വലിയ താരങ്ങളായാലും പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നതായിരുന്നു ശീലം. ക്യാമറയ്‌ക്ക് മുന്നിലിരുന്ന് സിഗരറ്റ് വലിച്ച നസീറിനോടും തിക്കുറിശിയോടും ഇവിടിരുന്ന് സിഗററ്റ് വലിക്കരുത്, ഇതൊരു പരിപാവന സ്ഥലമാണെന്ന് പറയാൻ മലയാള സിനിമയിൽ മറ്റൊരു സംവിധായകനും ധൈര്യമുണ്ടാകില്ല.
ക്യാമറയ്‌ക്ക് മുന്നിലിരുന്ന് വൃത്തികെട്ട തമാശകൾ പോലും പറയാൻ പാടില്ലെന്നാണ് തന്റെ നിലപാടെന്നും ആവശ്യമാണെങ്കിൽ പുറത്തു പോയി സിഗരറ്റ് വലിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതുകേട്ട് ഇരുവരും അനുസരയുള്ള കുട്ടികളെ പോലെ പുറത്തേക്കിറങ്ങി പോയത് ചരിത്രം.