club-in-mehrauli

ന്യൂ‌‌‌‌ഡൽഹി: ഡൽഹി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹിയിലെ മെഹ്റൗളിയിലെ ഒരു പ്രമുഖ ക്ലബ് ജില്ലാ മജിസ്ട്രേറ്റും സംഘവും ചേർന്ന് വ്യാഴാഴ്ച സീൽ ചെയ്തു. ഒമിക്രോൺ വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ക്രിസ്തുമസ്-പുതുവത്സര വേളകളിൽ കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ട് ഡൽഹി ദുരന്ത നിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പല മേഖലകളിലും അന്വേഷണം ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ദക്ഷിണ ജില്ലയിലെ മെഹ്റോളിയിലെ പ്രശസ്തമായ ക്ലബുകളിലൊന്നിൽ പരിശോധന നടത്തിയത്. നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും ലംഘിച്ചുകൊണ്ട് ക്ലബ്ബിൽ 600ഓളം ആളുകൾ ഉണ്ടായിരുന്നു. ഉടൻ തന്നെ തഹസിൽദാർ ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഡിഡിഎംഎ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ക്ലബ്ബ് സീൽ ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്തു.

ഡിസംബർ 15ലെ ഉത്തരവ് പ്രകാരം എല്ലാ സാമൂഹിക,രാഷ്ട്രീയ വിനോദ,കായിക, സാംസ്കാരിക, മതപരമായ പരിപാടികളും നിരോധിക്കുമെന്നും ഒത്തുചേരലുകൾ നടത്തരുതെന്നും ഡിഡിഎംഎ ബുധനാഴ്ച അറിയിച്ചിരുന്നു.എല്ലാ റെസ്റ്റോറന്റുകളും ബാറുകളും 50% സീറ്റിംഗ് കപ്പാസിറ്റി വരെ മാത്രമാണ് അനുവദിച്ചിരുന്നത്. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും അവരുടെ അധികാരപരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കണമെന്നും ഒമിക്രോൺ പെട്ടെന്ന് പടരാൻ സാദ്ധ്യതയുള്ള മാർക്കറ്റുകൾ,മറ്റ് തിരക്കേറിയ സ്ഥലങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് അന്വേഷണം നടത്തണമെന്നും ഡിഡിഎംഎ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

കൊവി‌ഡ് കേസുകളിൽ പെട്ടെന്നുണ്ടാകുന്ന വർദ്ധന തടയാൻ നിയമങ്ങൾ കർശനമായും പാലിക്കാനും പൊതുസ്ഥലങ്ങളിൽ അതീവ ജാഗ്രത പാലിക്കാനും എല്ലാ ഡിഎംമാരും ഡിസിപിമാരും മതിയായ എൻഫോഴ്സ്മെന്റ് സംഘങ്ങളെ വിന്യസിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.ഈ ഉത്തരവെല്ലാം മറികടന്നുകൊണ്ടാണ് ക്ലബ്ബ് പ്രവർത്തിച്ചത്.