
ഹൈദരാബാദ്: ഭർത്താവിനെ രക്ഷപ്പെടുത്താനായി പൊലീസിന് നേരെ ഭാര്യയുടെ മുളകുപൊടി പ്രയോഗം. തെലങ്കാന അത്തപ്പൂരിലാണ് കൊലക്കേസിൽ പ്രതിയായ ഭർത്താവ് വസീമിനെ സഹായിക്കാൻ ഭാര്യ ഷമീം പർവീൺ മുളകുപൊടി എറിഞ്ഞത്. ഉത്തരാഖണ്ഡ് എസ്ടിഎഫ് പൊലീസിന്റെയും രാജേന്ദ്രനഗർ പൊലീസ് സംഘത്തിന്റെയും നേരെയാണ് ഷമീം മുളകുപൊടി പ്രയോഗം നടത്തിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 353 വകുപ്പ് പ്രകാരം പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഷമീമിനെതിരെ കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വിട്ടയച്ചു.
2019ൽ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയാണ് വസീം. ഹൈദരാബാദിലെ അത്താപൂരിലെ സുലൈമാൻ നഗറില്‍ ദമ്പതികൾ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടയുടൻ യുവതി അവർക്കുനേരെ മുളകുപൊടി എറിഞ്ഞു. ശേഷം പൊലീസ് തന്നെ ഉപദ്രവിക്കുന്നു എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. ഇതിനിടെ പൊലീസിനെ കണ്ട വസീം വീട്ടിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു.