kk

മലയാള സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കിയവരുടെ പട്ടികയെടുത്താൽ അതിൽ ആദ്യംവരുന്ന പേരുകാരിൽ പ്രമുഖനാണ് കഴിഞ്ഞ ദിവസം അന്തരിച്ച മഹാപ്രതിഭാശാലിയായ സംവിധായകൻ കെ.എസ്.സേതുമാധവൻ. രാജാപാർട്ടുപടങ്ങളുടെ സ്വാധീനത്തിൽ നിന്നും മലയാള സിനിമയെ മോചിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടത്, മലയാളിത്തം തൊട്ടുചാലിച്ച കഥകളുടെ ദൃശ്യപ്രപഞ്ചമായിരുന്നു. അതിനായി തിരഞ്ഞെടുത്തത് ശ്രദ്ധേയരായ സാഹിത്യകാരന്മാരുടെ രചനകളും. വായനക്കാരിൽ ലബ്ധപ്രതിഷ്ഠ നേടിയ കൃതികൾ സിനിമയാക്കുമ്പോൾ ആത്മാംശം ചോർന്നുപോകുമോയെന്ന് ന്യായമായും സംശയിക്കപ്പെടാം. എന്നാൽ കഥയിൽനിന്ന് സിനിമയ്ക്ക് എടുക്കേണ്ടതും, ഒഴിവാക്കേണ്ടതും സേതുമാധവനിലെ സംവിധായകന് നന്നായി അറിയാമായിരുന്നു. ഭാഷയെ സമ്പന്നമാക്കിയ തകഴിയുടെയും കേശവദേവിന്റെയും എം.ടി.യുടെയും പാറപ്പുറത്തിന്റെയും മുട്ടത്തുവർക്കിയുടെയും അയ്യനേത്തിന്റെയും പമ്മന്റെയുമടക്കം അനവധി സർഗസൃഷ്ടികൾ സിനിമയായി വന്നപ്പോൾ അതിലെല്ലാം സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞു. അന്നുവരെ കാണാത്ത ഭാവുകത്വം ആ ചിത്രങ്ങളിൽ കണ്ട പ്രേക്ഷകർ ഹൃദയവായ്പ്പോടെ അവയെ സ്വീകരിച്ചു. മികച്ച ഗാനങ്ങളും ആ ചിത്രങ്ങളുടെ സവിശേഷതയായിരുന്നു.

പാലക്കാട്ടുകാരനായ സേതുമാധവന്റെ സിനിമകൾ ഓരോന്നും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഒന്നിനൊന്നു മികച്ച അറുപതോളം ചിത്രങ്ങൾ. കലാപരമായ മികവിനൊപ്പം അവ വാണിജ്യവിജയവും നേടി. സിനിമയുടെ മേക്കിംഗിൽ അന്നുവരെ കാണാത്ത ചാരുത കാഴ്ചവച്ച സേതുമാധവന്റെ കീഴിൽ പരിശീലനം നേടിയ യുവസംവിധായകർ ഏറെയാണ്. നടൻമാരെ കണ്ടെത്തി മികച്ചവേഷങ്ങളിലൂടെ അവരുടെ അഭിനയസിദ്ധി പുറത്തുകൊണ്ടുവരികയും ചെയ്തു. നടനെന്ന നിലയിൽ സത്യന് ഏറ്റവും മികച്ച വേഷങ്ങൾ നല്‌കി. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലായിരുന്നു സത്യൻ അവസാനമായി അഭിനയിച്ചത്. കണ്ണും കരളിലും കമലഹാസനെ മലയാളത്തിൽ ബാലതാരമായും കന്യാകുമാരിയിൽ നായകനായും അവതരിപ്പിച്ചു. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലാണ് നടനായി മമ്മൂട്ടി ആദ്യം മുഖംകാണിച്ചത്. സുരേഷ് ഗോപി ബാലതാരമായി വന്നത് സേതുമാധവന്റെ ഓടയിൽ നിന്നിലും.

സത്യനും നസീറും മധുവും ഷീലയും ജയഭാരതിയും സേതുമാധവന്റെ സിനിമകളിൽ സജീവമായിരുന്നു. പ്രേംനസീർ എന്ന സൂപ്പർതാരത്തെ അഴകുള്ള സെലീന എന്ന സിനിമയിൽ വില്ലനാക്കി ഫിലിം ഇൻഡസ്ട്രിയെ ഞെട്ടിച്ചു. എം.ജി.ആറിനെ നായകനാക്കി നാളെ നമതൈ എന്ന സൂപ്പർഹിറ്റ് ചിത്രവുമൊരുക്കി. ഒള്ളത് മതി എന്ന സിനിമയിൽ സാക്ഷാൽ ഇ.എം.എസിനെപ്പോലും മുഖം കാണിപ്പിച്ചു. ഒരു പെണ്ണിന്റെ കഥയിൽ സത്യനേക്കാൾ പ്രതിച്ഛായയുള്ള വേഷം ഷീലയ്ക്ക് നല്‌കി. എത്ര വലിയ താരങ്ങളായാലും സേതുമാധവന്റെ സെറ്റിൽ വന്നാൽ തികഞ്ഞ അച്ചടക്കം പാലിക്കും. അത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.

കരകാണാക്കടൽ, പണിതീരാത്തവീട്, അച്ഛനും ബാപ്പയും, അരനാഴികനേരം, വാഴ്വേമായം, പുനർജന്മം, ഓടയിൽ നിന്ന് ,ഒരു പെണ്ണിന്റെ കഥ, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, അമ്മയെന്ന സ്ത്രീ, ചട്ടക്കാരി, അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ , തുടങ്ങി വേനൽക്കിനാവുകൾ വരെ മലയാളം എന്നും ഒാർക്കുന്ന എത്രയെത്ര ചിത്രങ്ങൾ.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിംഹളഭാഷയിലും സിനിമകളെടുത്തു. മറുപക്കം എന്ന സേതുമാധവന്റെ സിനിമയാണ് തമിഴിൽ ആദ്യമായി മികച്ചചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയത്. ജ്ഞാനസുന്ദരിയിൽ തുടങ്ങിയ സേതുമാധവന്റെ പലചിത്രങ്ങളുടെയും നിർമ്മാതാവ് സഹോദരൻ കെ.എസ്.ആർ. മൂർത്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹവും വിടപറഞ്ഞത്.

ജന്റിൽമാൻ എന്ന വിശേഷണം എന്നും സേതുമാധവനൊപ്പമുണ്ടായിരുന്നു. ആ മുഖത്ത് എന്നും പരമമായ ശാന്തി കളിയാടിയിരുന്നു. അതിന്റെ നിറവ് സ്വഭാവത്തിലും പ്രകടമായിരുന്നു. കുട്ടിക്കാലത്ത് മഹാജ്ഞാനിയായ രമണമഹർഷിയെ കാണാൻ സാധിച്ചത് ആഴത്തിൽ സ്വാധീനിച്ചിരുന്നു. .

ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഒട്ടേറെ നേടിയിട്ടും ദാദാ സാഹിബ് ഫാൽക്കെയോ പദ്മാ ബഹുമതിയോ ലഭിച്ചില്ല. പുരസ്കാരങ്ങളുടെ പിറകെ പോകാത്ത അദ്ദേഹം അതൊന്നും കാര്യമാക്കിയിരുന്നില്ല. പൂർണത നേടിയ കലാകാരനായിരുന്നു കെ.എസ്.സേതുമാധവൻ. എന്നും ഞങ്ങളുടെ ആത്മമിത്രവും അഭ്യുദയകാംക്ഷിയുമായിരുന്നു അദ്ദേഹം. ആ വേർപാടിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.