ipo

കൊച്ചി: ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന 2021ൽ കുതിച്ചുകയറിയത് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പണസമാഹരണത്തിലേക്ക്. 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപയാണ് ഈവർഷം ഇതുവരെ സമാഹരിച്ചത്. 2017ൽ 38 കമ്പനികൾ ചേർന്ന് നേടിയ 75,278 കോടി രൂപയുടെ റെക്കാഡ് ഇനി പഴങ്കഥ.

കൊവിഡ് താണ്ഡവമാടിയ 2020ൽ 15 കമ്പനികളേ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തി ഓഹരി വിപണിയിലേക്ക് പ്രവേശിച്ചുള്ളൂ. ഇവർ സമാഹരിച്ചത് 26,613 കോടി രൂപ. ഇതിനേക്കാൾ 4.5 മടങ്ങ് അധികമാണ് ഈവർഷത്തെ പണമൊഴുക്ക്. ഐ.പി.ഒ ഉൾപ്പെടെ 2021ൽ ഇതിനകം പൊതുവിപണിയിൽ നിന്ന് കമ്പനികൾ സമാഹരിച്ചത് ആകെ 2.02 ലക്ഷം കോടി രൂപയാണ്.

ആദ്യമായാണ് പൊതുസമാഹരണം രണ്ടുലക്ഷം കോടി രൂപ കടക്കുന്നത്. 2020ലെ 1.76 ലക്ഷം കോടി രൂപയാണ് ഇതിനുമുമ്പത്തെ റെക്കാഡ്. കഴിഞ്ഞവർഷത്തെ മൊത്തം പൊതുസമാഹരണത്തിൽ 1.03 ലക്ഷം കോടി രൂപയും പുതു ഓഹരിവില്പനയാണ് (ഫ്രഷ് ഇഷ്യൂ - പുതുതായി ഓഹരികൾ സൃഷ്‌ടിച്ചുള്ള മൂലധന സമാഹരണം). ഓഹരി ഉടമകൾ നിലവിലെ ഓഹരികൾ വിറ്റഴിച്ച് നേടിയത് (ഒ.എഫ്.എസ് - ഓഫർ ഫോർ സെയിൽ) 98,388 കോടി രൂപ.

പേടിഎമ്മാണ് താരം

ഡിജിറ്റൽ പണമിടപാട് ആപ്ളിക്കേഷനായ പേടിഎമ്മിന്റെ മാതൃകമ്പനി വൺ97 കമ്മ്യൂണിക്കേഷൻസ് ഐ.പി.ഒയിലൂടെ നേടിയ 18,300 കോടി രൂപ ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന ഐ.പി.ഒ സമാഹരണമാണ്. ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോ 9,300 കോടി രൂപ സമാഹരിച്ച് രണ്ടാമതെത്തി.

₹1884 കോടി

ഈ വർഷത്തെ ശരാശരി ഐ.പി.ഒ സമാഹരണം.

10

ഇതുവരെ 59 കമ്പനികളുടെ സമാഹരണക്കണക്ക് ലഭ്യമാണ്. ഇവയിൽ 36 കമ്പനികളുടെ ഓഹരികൾക്ക് 10 മടങ്ങ് അധിക വാങ്ങൽതാത്പര്യം (ഓഹരിക്കുള്ള അപേക്ഷകൾ) ലഭിച്ചു. ആറ് കമ്പനികൾ 100 മടങ്ങും എട്ട് കമ്പനികൾ മൂന്ന് മടങ്ങിലേറെയും അപേക്ഷ നേടി.

14.36 ലക്ഷം

ഈവർഷം ഓരോ ഐ.പി.ഒയിലും പങ്കെടുത്ത ശരാശരി റീട്ടെയിൽ നിക്ഷേപകർ 14.36 ലക്ഷം. 2020ൽ 12.77 ലക്ഷവും 2019ൽ 4.05 ലക്ഷവുമായിരുന്നു. ഗ്ളെൻമാർക്ക് ലൈഫ് സയൻസസാണ് ഈവർഷം ഏറ്റവുമധികം റീട്ടെയിൽ നിക്ഷേപകരെ കണ്ടത് - 33.95 ലക്ഷം.

പണമൊഴുക്കിന്റെ താളം

കൊവിഡ് വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അതൊന്നും ഗൗനിക്കാതെ ഐ.പി.ഒ വിപണി മുന്നേറുകയാണ്. കാരണങ്ങൾ:

1. ഓഹരി സൂചികകളുടെ റെക്കാഡ് മുന്നേറ്റം.

2. ഒട്ടുമിക്ക രാജ്യങ്ങളും ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചതോടെ നിക്ഷേപകരുടെ പക്കൽ ആവശ്യത്തിലധികം പണമുണ്ട്.

3. ഓഹരി വിപണിയിലേക്ക് ചുവടുവച്ച കമ്പനികളിൽ മിക്കവയും മികച്ച റിട്ടേൺ നിക്ഷേപകർക്ക് നൽകി.

ലാഭമാണ് ആവേശം

ഈവർഷം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലെത്തിയ കമ്പനികളിൽ 34 എണ്ണവും 10 ശതമാനത്തിലേറെ റിട്ടേൺ (നിക്ഷേപത്തുകയിൽ നിന്നുള്ള നേട്ടം) നിക്ഷേപകർക്ക് നൽകി.

 ശരാശരി റിട്ടേൺ 32 ശതമാനം. 2020ൽ 44 ശതമാനവും 2019ൽ 19 ശതമാനവുമായിരുന്നു.

 40 കമ്പനികളുടെയും വ്യാപാരം നടക്കുന്നത് ഇഷ്യൂ വിലയേക്കാൾ ഉയരത്തിൽ.

 ഏറ്റവും ഉയർന്ന റിട്ടേൺ നൽകിയത് സിഗാചി ഇൻഡസ്‌ട്രീസ് (270%).

115

ആകെ 115 കമ്പനികളാണ് ഈവർഷം ഇതുവരെ ഐ.പി.ഒയ്ക്കായി സെബിക്ക് അപേക്ഷ നൽകിയത്; ഇതും റെക്കാഡാണ്.