road
ടാറിങ്ങ് പുരോഗമിക്കുന്ന തലശ്ശേരി - മാഹി ബൈപാസ് റോഡ്

ചിലവ്

883 കോടി

കണ്ണൂർ: മൂന്നര പതിറ്രാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ 883 കോടി രൂപയ്‌ക്ക് നിർമ്മിക്കുന്ന തലശേരി - മാഹി ബൈപ്പാസ് 2022 മേയിൽ പൂർത്തിയാകും. 45 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് ബൈപ്പാസ് ഒരുങ്ങുന്നത്.

ദേശീയപാതയിലെ ദുരിതങ്ങളിലൊന്നായ തലശേരി, മാഹി നഗരങ്ങളിലെ ഗതാഗതക്കുരുക്കും ഇതോടെ അഴിയും. ഈമാസം പൂർത്തിയാകേണ്ട പ്രവൃത്തി പ്രളയം, കൊവിഡ് എന്നിവയെ തുടർന്നാണ് ആറുമാസത്തേക്ക് കൂടി നീണ്ടത്. 80 ശതമാനം പ്രവൃത്തി ഇതിനകം പൂർത്തിയായി. പാത കടന്നുപോകുന്ന താഴ്ന്ന പ്രദേശങ്ങളിൽ മണ്ണിട്ട് ഉയർത്തലും ബലപ്പെടുത്തലും പുരോഗമിക്കുകയാണ്. ടാറിംഗും ഒപ്പം നടക്കുന്നുണ്ട്.
പാലങ്ങളും റോഡും ചേരുന്ന ഭാഗത്തെ ടാറിംഗാണ് പൂർത്തിയാകാനുള്ളത്. സ്ഥലം ഏറ്റെടുത്ത ശേഷം സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കും. മാഹിക്കും മുക്കാളിക്കും ഇടയിലെ റെയിൽവേ ഒാവർബ്രിഡ്ജും പൂർത്തിയാക്കാനുണ്ട്.മുഴപ്പിലങ്ങാട്, ധർമ്മടം, എരഞ്ഞോളി, ഇല്ലത്തുതാഴെ, പാറാൽ, മാഹി എന്നീ ഭാഗങ്ങളിൽ മണ്ണിട്ട് ബലപ്പെടുത്താനുണ്ട്

150 മീറ്റർ നീളത്തിലാണ് ഒാവർബ്രിഡ്ജ്. ഇലക്ട്രിക്ക് ലൈനുകളടക്കം മാറ്റാനുണ്ട്. നിർമ്മാണത്തിലിരിക്കെ ബീമുകൾ തകർന്നുവീണ നെട്ടൂരിലെ ഒാവർബ്രിഡ്ജ് പൂർത്തിയായി. ഇവിടെ ടാറിംഗ് പൂർത്തിയാകേണ്ടതുണ്ട്. പാത തുടങ്ങുന്ന മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ഒാവർബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

ദൈർഘ്യം- 32 കിലോ മീറ്റർ

 വീതി- 25 മീറ്റർ (മീഡിയൻ കഴിച്ച്)

 അണ്ടർബ്രിഡ്ജ് - 19

മുഴപ്പിലങ്ങാട്, പാലയാട്, ചിറക്കുനി, കൈരളി ജംഗ്ഷൻ, ബാലത്തിൽ (രണ്ട്), കൊളശേരി, ചോനാടം, കണ്ടിക്കൽ, കുട്ടിമാക്കൂൽ, ഇല്ലത്ത് താഴെ, മാടപ്പീടിക (രണ്ട്), പള്ളൂർ (രണ്ട്), പള്ളൂർ സബ് സ്റ്റേഷൻ, കവിയൂർ, മാഹി ബ്രിഡ്ജിനോട് ചേർന്ന്, അഴിയൂർ

 ഓവർപാസ്- 1- പള്ളൂർ

 1400 തൊഴിലാളികൾ

 എൻജിനിയർമാർ- 150 പേർ