ganga

ചെന്നൈ: കാവി വസ്ത്രം ധരിച്ച് ഹിന്ദുപുരോഹിതന്റെ വേഷത്തിൽ കഞ്ചാവ് വിറ്റയാളെ പൊലീസ് അറസ്റ്റുചെയ്തു. അമ്പത്താറുകാരനായ ദാമു എന്നയാളെയാണ് മൈലാപ്പൂരിന് സമീപത്തുനിന്ന് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്. കഞ്ചാവ് വാങ്ങാൻ എന്ന വ്യാജേന എത്തിയ പൊലീസ് സംഘമാണ് ദാമുവിനെ കുടുക്കിയത്.

പൊലീസ് പിടിയിലാകുന്നത് ഒഴിവാക്കാനാണ് പുരോഹിത വേഷത്തിൽ കഞ്ചാവ് വിറ്റതെന്നാണ് ദാമു പൊലീസിനോട് പറഞ്ഞത്. പുരോഹിതന്റെ ദേഹ പരിശോധന നടത്തുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭയന്ന് പൊലീസ് അടുത്തുവരില്ലെന്നും അയാൾ കരുതിയിരുന്നു. സംശയം തോന്നാതിരിക്കാൻ എല്ലാ ആഴ്ചയും വിൽക്കുന്ന സ്ഥലം മാറ്റാറുമുണ്ടായിരുന്നു.

ക്ഷേത്രങ്ങളുടെ പരിസരത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന രസഹ്യവിവരം നാട്ടുകാരാണ് പൊലീസിന് നൽകിയത്. ഇതോടെ നിരീക്ഷണം ശക്തമാക്കി. ദാമുവിൽ സംശയം തോന്നിയെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ലാതെ കസ്റ്റഡിയിലെടുത്താൽ പ്രശ്നമാകുമെന്ന് കരുതി പൊലീസ് കാത്തിരുന്നു. തുടർന്നാണ് കഞ്ചാവ് വാങ്ങാനായി ദാമുവിനെ സമീപിക്കാൻ തീരുമാനിച്ചത്. കടലാസിൽ ആർക്കും സശയം തോന്നാത്ത വിധം പാക്കുചെയ്ത കഞ്ചാവാണ് ഇയാൾ ഉദ്യോഗസ്ഥർക്ക് വിറ്റത്. ഇതോടെയാണ് ദാമുവിനെ പിടികൂടിയത്. ഏഴുകിലോ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. രണ്ട് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളായിരുന്നു ഇവരുടെ പ്രധാന ഇരകൾ.