kas

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള സംസ്ഥാന രൂപീകരണം മുതൽ നാം ആഗ്രഹിക്കുന്നതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നടപ്പിലാക്കുക എന്നത്. പലരും ഇതൊരിലും നടപ്പിലാകില്ല എന്ന് കരുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎഎസ് നടപ്പിലാക്കിയതിൽ പിഎസ്‌സി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഇത് നടപ്പിലാക്കാൻ ശ്രമിച്ചപ്പോള്‍ ആദ്യം ചില ഭാഗത്ത് നിന്ന് എതിര്‍പ്പുകളുണ്ടായി. പക്ഷെ ആദ്യം എതിർത്തവർ പേലും പിന്നീട് പിന്തുണയ്ക്കാന്‍ തയ്യാറായി. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്കൊപ്പം എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എതിര്‍പ്പുകള്‍ കാരണം പല പദ്ധതികളും നടപ്പിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ കേരളത്തില്‍ ഇതൊന്നും നടക്കില്ല എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ നടപ്പിലാവുന്ന അവസ്ഥയാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. കെഎഎസ് ഉദ്യോഗസ്ഥർ സ്വന്തം വകുപ്പിലെ പ്രവർത്തനങ്ങൾക്കൊപ്പം ഇതര വകുപ്പുകളുമായുള്ള ഏകോപനത്തിലും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.