
ധാക്ക : ബംഗ്ലാദേശിൽ മൂന്നു നില ബോട്ടിന് തീ പിടിച്ച് 37 പേർക്ക് ദാരുണാന്ത്യം. 100 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തെക്കൻ ബംഗ്ലാദേശിലെ ജലകാത്തിക്കടുത്തുള്ള നദിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.ധാക്കയിൽ നിന്നും ബർഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്ന ഒബിജാൻ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നദിയിലൂടെ സഞ്ചരിക്കുന്നതിനിടെ മൂന്ന് നിലകളുള്ള ബോട്ടിലാകെ തീ ആളിപ്പടരുകയായിരുന്നു. തീ ഉയരുന്നതു കണ്ട് പരിഭ്രാന്തരായ യാത്രികരിൽ ചിലർ നദിയിലേക്ക് ചാടി. ഇങ്ങനെ ചാടിയവരിൽ ചിലർ മുങ്ങിമരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. യാത്ര ചെയ്യാവുന്ന ആൾക്കാരുടെ പരമാവധി എണ്ണം 310 ആയിരുന്നെങ്കിലും അപകട സമയത്ത് 500 ലധികം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ബോട്ടിന്റെ എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 5 മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.