
കേരള സർക്കാർ ചലച്ചിത്രപുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയ ആദ്യവർഷത്തിൽ തന്നെ 'അടിമകൾ'ക്ക് അവാർഡ് നേടിയ കെ എസ് സേതുമാധവൻ എത്രയോ തവണ.സംസ്ഥാന അവാർഡുകൾ നേടി.തമിഴ് സിനിമയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. എന്നിട്ടും ജെ സി ഡാനിയൽ പുരസ്‌കാരം മറ്റു പലർക്കും ശേഷം എത്രയോ വൈകിയാണ് അദ്ദേഹത്തെ തേടിച്ചെന്നത്.പി ഭാസ്‌കരനും എ വിൻസെന്റിനും കിട്ടാത്ത പത്മ പുരസ്‌ക്കാരം അദ്ദേഹത്തിനും ലഭിച്ചില്ല. എങ്കിലും
അതിലൊന്നും അദ്ദേഹം വ്യാകുലപ്പെട്ടിരുന്നില്ല. എന്നാൽ അദ്ദേഹം ഒരിക്കൽ വേദനയോടെ ഒരു കാര്യം പറയമ്പോൾ ദുഃഖത്തോടെ അതു കേട്ടുനിൽക്കേണ്ടി വന്നു.
2006 ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു.അതിൽ സംബന്ധിക്കാനായി കെ എസ് സേതുമാധവനും എത്തിച്ചേർന്നിരുന്നു. ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം രാവിലെ ഞാൻ കൈരളി തീയേറ്ററിന്റെ അകത്തേക്ക് കയറിയച്ചെന്നപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് അവിടുത്തെ ബഹള ങ്ങളിൽ നിന്നൊക്കെ അകന്നുമാറി ഒരിടത്ത് ഒതുങ്ങി നിൽക്കുന്ന സേതു സാറിനെയാണ്.ഞാൻ അടുത്തു ചെന്ന് പണ്ടൊരിക്കൽ ഇന്റർവ്യൂ ചെയ്യാനായി മദ്രാസിലെ വീട്ടിൽ ചെന്നുകണ്ട ഓർമ്മ പുതുക്കി.അപരിചിതമായ ഒരു അന്തരീക്ഷത്തിൽ വെച്ച് പെട്ടെന്ന് ചെറിയൊരു പരിചയമുള്ള ആളിനെ കണ്ടുമുട്ടമ്പോഴുള്ള ആശ്വാസം ഞാൻ അദ്ദേഹത്തിന്റെ മുഖത്തു കണ്ടു. അവിടെ തിങ്ങി നിറഞ്ഞ സിനിമാ പ്രവർത്തകരിലോ മാധ്യമ പ്രവർത്തകരിലോ ആരും തന്നെ, ഒരുകാലത്ത് മുഖ്യധാരാ മലയാള സിനിമയുടെ മെഗാഫോണേന്തിയിരുന്ന ആ വലിയ മനുഷ്യനെ ശ്രദ്ധിക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്നുണ്ടായിരുന്നില്ല.അതിനെ കുറിച്ചെന്തോ ഞാൻ പരാമർശിച്ചപ്പോൾ വേദന കലർന്ന ഒരു ചെറുചിരിയോടെ അദ്ദേഹം പറഞ്ഞു.
'ഇന്നലെ രാത്രി ഞാൻ ഹോട്ടൽ മുറിയിലെ ടിവിയിൽ ഉദ്ഘാടനച്ചടങ്ങു കാണുകയായിരുന്നു.അവിടെ ആദരിക്കപ്പെട്ട വ്യക്തികളെ കുറിച്ചൊക്കെ എടുത്തെടുത്തു പറഞ്ഞ മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്താ ചാനൽ എന്റെ പേരൊന്നു പരാമർശിക്കാൻ പോലും തയ്യാറായില്ല....അത്ര പോലും പ്രാധാന്യമർഹിക്കാത്ത ഒരാളായി തീർന്നോ ഇപ്പോൾ ഞാൻ?'
എന്തുപറയണമെന്നറിയാതെ ഞാൻ തലകുനിച്ചു നിശബ്ദനായിനിന്നു.മലയാളത്തിലെ വിശിഷ്ട സിനിമയ്ക്ക് അടിത്തറയിട്ട മനുഷ്യനോട് എങ്ങനെയാണ് ക്ഷമാപണം നടത്തേണ്ടത്? മനസ്സിൽ അദ്ദേഹത്തോട് ഞാൻ തലകുനിച്ച് മാപ്പ്പറഞ്ഞു.
ഫെസ്റ്റിവൽ ജീവികളായ പുതിയ തലമുറ മലയാളിക്ക് കൂടുതൽ പരിചയവും ആരാധനയുമൊക്കെ ഇന്ന് അറബ് സിനിമയോടും കൊറിയൻ സിനിമയോടും കിം കു ഡുക്കിനോടു മൊക്കെയാണ്.അവരെ മാത്രം അറിയാനും കൊണ്ടാടാനുമുള്ള വേദിയാണ് ഇപ്പോൾ ചലച്ചിത്രോത്സവങ്ങൾ പോലും.ചലച്ചിത്ര കലയിലൂടെ മലയാളി ആസ്വാദകരുടെ പല തലമുറകളെ മോഹിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയുമൊക്കെ ചെയ്ത അങ്ങ് ഗുരുത്വദോഷികളായ ഞങ്ങൾ മലയാളികളോട് ദയവു ചെയ്ത് പൊറുക്കുക.( ദൂരദർശൻ മുൻ ഡയറക്ടറാണ് ലേഖകൻ )