
സൂപ്പർമാനെയും സ്‌പൈഡർമാനെയും കണ്ടു ശീലിച്ച പ്രേക്ഷകർക്ക് മുന്നിലാണ് നാടൻ സൂപ്പർഹീറോയായി മിന്നൽ മുരളിയെ സംവിധായകൻ ബേസിൽ ജോസഫും ടീമും എത്തിച്ചിരിക്കുന്നത്. മലയാളത്തിന് അല്ലെങ്കിൽ മലയാളിക്ക് ഒരു സൂപ്പർ ഹീറോ ഉണ്ടായാൽ എങ്ങനെയാകണമെന്ന ചോദ്യത്തിനുള്ള എല്ലാ ചേരുവകളും ചേർന്നൊരു ചിത്രമായി മിന്നൽ മുരളിയെ വിലയിരുത്താം. ഒരു കോമിക് സ്റ്റോറി പോലെ കണ്ടു തീർക്കാവുന്ന ചിത്രം. അതിനൊത്ത മികച്ച മേക്കിംഗും.
കുറുക്കൻമൂല എന്ന കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. നായകനും വില്ലനും ഒരേ സമയത്ത് അപ്രതീക്ഷിതമായി മിന്നലേൽക്കുകയും അസാധാരണമാം വിധം ശക്തി ലഭിക്കുകയും ചെയ്യുന്നു. അതുവരെ സ്വയം ഉൾവലിഞ്ഞിരുന്ന അല്ലെങ്കിൽ അലസമായി ജീവിച്ചിരുന്ന രണ്ടുപേരുടെയും ജീവിതം അവിടെ നിന്നും മാറുകയാണ്, ഒപ്പം ആ നാടിന്റെയും.
ടൊവിനോയും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജെയ്സണായി എത്തി തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ കൈയിലെടുക്കാൻ ടൊവിനോക്ക് കഴിയുന്നുണ്ട്. ഗുരു സോമസുന്ദരം അസാധാരണ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും വൈകാരിക രംഗങ്ങളിൽ. നായകമുഖവും വില്ലത്തരവും മാറി മാറി തെളിയുന്നുണ്ട്.

കുട്ടിക്കാലത്ത് ജെയ്സൺ കേട്ട ഒരു നാടക കഥാപാത്രമാണ് സൂപ്പർഹീറോയായ മിന്നൽ മുരളി. പിന്നീട് സ്വയം ആ കഥാപാത്രമായി മാറുകയാണ്. സിനിമ പകുതിയിലേക്ക് കടക്കുന്നതോടെ മിന്നൽ മുരളിക്കും അപരനുണ്ടാകുന്നു. പിന്നീട് ചിത്രം അല്പം കൂടി സീരിയസാവുകയാണ്. നാട്ടിൽ ഒരു കാര്യവുമില്ലാതെ, ആർക്കും ഒരു ഉപകാരവുമില്ലാതെ നടന്നിരുന്ന ചെറുപ്പക്കാരൻ പെട്ടെന്ന് നാടിന്റെ ഹീറോയും രക്ഷകനുമായി മാറുന്ന കാഴ്‌ച അല്‌പം അതിശയോക്തിയോടെയാണെങ്കിലും തരക്കേടില്ലാത്ത വിധം അവതരിപ്പിച്ചുവെന്ന് പറയാം. മ്യൂസിക്, ടെക്‌നിക്കൽ സൈഡ് എന്നിവയെല്ലാം കൃത്യമായ ചേരുംപടിയിലാണെന്ന് പറയാം. ആക്ഷൻ സീനുകളുടെ മികവും എടുത്തു പറയണം.
അതിമാനുഷികതയ്ക്കൊപ്പം ഒരുപിടി വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിലുടനീളം തെളിയുന്നുണ്ട്. മലയാളി മറന്നു തുടങ്ങിയ പഴയ നാട്ടിൻപുറ കാഴ്ചകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
കഥകളിൽ കേട്ട് ശീലിച്ച അല്ലെങ്കിൽ വിദേശ സിനിമകളിൽ കണ്ടു പരിചയിച്ച സൂപ്പർ ഹീറോകളെപ്പോഴും മുഖം മൂടിയും വ്യത്യസ്തമായ ഡ്രസിംഗ് ശൈലിയും ഉള്ളവരാണ്. അവർക്കിടയിലേക്ക് മുണ്ടും ലുങ്കിയും സാധാരണ ഷർട്ടുമൊക്കെ ധരിച്ച് ചാക്കിനെ മുഖം മൂടിയാക്കിയാണ് മുരളി (ഒറിജിനലും ഡൂപ്ലിക്കറ്റും) എത്തുന്നത്. വിദേശ രീതിയിലേക്ക് കഥാപാത്രത്തെ പറിച്ചുനടാതെ തനി മലയാളത്തിൽ പരീക്ഷിച്ചതിൽ ഒരു പരിധി വരെ സംവിധായകൻ വിജയിച്ചുവെന്ന് തന്നെ പറയാം.

രണ്ടര മണിക്കൂർ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചിരുത്താനും ചിത്രത്തിന് കഴിയുന്നുണ്ട്. സ്ഥിരം മലയാള സിനിമ പറഞ്ഞു വരുന്ന നായകന്റെ പ്രണയമല്ല ഇതിൽ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. ഒരു മനുഷ്യൻ എങ്ങനെ വില്ലനായി മാറുന്നുവെന്നത് ചിത്രത്തിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
ഇടയ്‌ക്കെല്ലാം തെലുങ്ക് ചിത്രത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള സൂപ്പർ നാച്യുറൽ പവർ നായകന് കിട്ടുന്നുണ്ട്. അത്തരം ചില കല്ലുകടികളൊഴിവാക്കിയാൽ അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് മിന്നൽ മുരളിയെയും കൂട്ടാം.പൊലീസ് വേഷത്തിലെത്തുന്ന ബൈജുവും അജു വർഗീസും മികവ് പുലർത്തി.
പതിവ് പോലെ രാജേഷ് മാധവൻ തന്റെ വേഷം മനോഹരമാക്കുകയും പ്രേക്ഷകനെ ചിരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. കൊവിഡ് കാലത്ത് മാസ്‌കിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ക്ലൈമാക്സ് സീനിൽ തനി സൂപ്പർഹീറോയുടെ വേഷഭൂഷാധികളോടെ മലയാളത്തിന്റെ മിന്നൽ മുരളിയെ അവതരിപ്പിച്ച സംവിധായകന് ഒരു കൈയടി നൽകാം.
നാടിന്റെ രക്ഷകനാകാൻ ഇതുപോലെ അമാനുഷിക ശക്തി വേണ്ടി വരുമോ എന്നൊരു സംശയം പ്രേക്ഷകർക്ക് തോന്നുമെങ്കിലും എല്ലാവിധ ലോജിക്കുകളും മാറ്റി വച്ച് കണ്ടാസ്വദിക്കാവുന്ന ഒരു ഒടിടി ചിത്രം തന്നെയാണ് മിന്നൽ മുരളി.