
ആലപ്പുഴ: എസ് ഡി പിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചുപേർ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ പിടിയിലാവുന്നത് ഇത് ആദ്യമാണ്. അതുൽ, വിഷ്ണു, ജിഷ്ണു, അഭിമന്യു, സനത് എന്നിവരാണ് പിടിയിലായത്. ഇവർ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇന്ന് രാവിലെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തൃശൂർ, ആലുവ സ്വദേശികളാണ് കസ്റ്റഡിയിലായത്. കൊലയാളി സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്ന് സംശയിക്കുന്നവരാണ് തൃശൂർ സ്വദേശികൾ. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ദിവസങ്ങൾ ആയെങ്കിലും പ്രധാന പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. ഷാന്‍, രഞ്ജിത്ത് വധക്കേസുകളിലെ പ്രധാന പ്രതികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നു എന്നാണ് എ ഡി ജി പി വിജയ് സാഖറെ പറഞ്ഞത്.