
നിത്യഹരിത നായകനായ പ്രേംനസീർ സൂപ്പർതാരമായി തിളങ്ങിനിന്ന കാലത്ത് അദ്ദേഹത്തെ വില്ലനായി അവതരിപ്പിച്ച സംവിധായകനാണ് കെ. എസ് സേതുമാധവൻ. സിനിമ: അഴകുള്ള സെലീന. മുട്ടത്തുവർക്കിയുടെ അതേ പേരിലുള്ള നോവലായിരുന്നു പ്രമേയം. നസീറിന്റെ വില്ലൻ കഥാപാത്രത്തെപ്പറ്റി സേതുമാധവൻ പറഞ്ഞത് ഇങ്ങനെ: ''നസീറിന് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അത്- കുഞ്ഞച്ചൻ മുതലാളി. ഒരു സ്ത്രീലമ്പടന്റെ വേഷം. ക്രൂരനായ മുതലാളി എസ്റ്റേറ്റ് മാനേജരുടെ ഭാര്യയെ ബലാൽസംഗം ചെയ്യുന്നതടക്കമുള്ള രംഗങ്ങൾ നസീർ ഒരു മടിയുമില്ലാതെ അവതരിപ്പിച്ചു!
അത്തരമൊരു വേഷം നസീർ ചെയ്യുമെന്ന് അന്ന് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വ്യത്യസ്തമായ വേഷം അവതരിപ്പിക്കാനുള്ള ആഗ്രഹം നസീർ പങ്കുവയ്ക്കുമായിരുന്നു. ഇരുട്ടിന്റെ ആത്മാവ്, അടിമകൾ എന്നീ ചിത്രങ്ങളിലെപ്പോലെ കരുത്തുള്ള വേഷങ്ങൾ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. എല്ലാ സിനിമയിലും ഏറെക്കുറെ പതിവ് നായികമാരുമായി പ്രേമിച്ചു നടക്കുന്നതല്ലാതെ വെല്ലുവിളി നിറഞ്ഞ റോളുകൾ കിട്ടുന്നില്ലെന്നും നസീർ എന്നോടു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അഴകുള്ള സെലീനയിലെ വില്ലൻ വേഷം ഞാൻ നസീറിനു നൽകിയത്. വിൻസെന്റായിരുന്നു നായകവേഷത്തിൽ. ജയഭാരതി വിൻസെന്റിന്റെ നായിക.
നസീറിനെ വില്ലനായി അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്നു ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിന്, താൻ ഒരിക്കലും അങ്ങനെയാലോചിച്ച് സിനിമയെടുത്തിട്ടില്ലെന്നായിരുന്നു മറുപടി.നല്ല കലാസൃഷ്ടിയാണെങ്കിൽ പ്രേക്ഷകർ സ്വീകരിക്കുമെന്നതിൽ സേതുമാധവന് സംശയമില്ലായിരുന്നു. ചിത്രം തരക്കേടില്ലാതെ ഓടി. നസീർ തന്റെ കരിയറിൽ ചെയ്ത ഏക നെഗറ്റീവ് വേഷമായിരുന്നു കുഞ്ഞച്ചൻ മുതലാളി. യേശുദാസ് ആയിരുന്നു സംഗീതസംവിധാനം. താജ്മഹൽ നിർമ്മിച്ച രാജശില്പി, പുഷ്പഗന്ധി... സ്വപ്നഗന്ധി, മരാളികേ മരാളികേ തുടങ്ങിയ പാട്ടുകളൊക്കെ ഇന്നും ആസ്വാദകർക്കു പ്രിയങ്കരം.