sethu

2008 ലെ ജെ.സി.ഡാനിയൽ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതേസംബന്ധിച്ച ഒരു ചാനൽചർച്ചയ്ക്ക് ഞാൻ പോയിരുന്നു.അത്തവണ ലഭിച്ചത് അർഹനായ വ്യക്തിക്കാണെന്നും എന്നാൽ വർഷങ്ങൾക്കുമുൻപ് തന്നെ ഈ ബഹുമതി നല്കപ്പെടേണ്ട കെ.എസ് .സേതുമാധവന് ഇത് നല്കാത്തത് തികഞ്ഞ അനീതിയാണെന്നും ഞാൻ പറഞ്ഞു.തുടർന്ന് സേതുമാധവന്റെ സിനിമകളെപ്പറ്റി ആങ്കറുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടിയും പറഞ്ഞു.ചാനലിൽ നിന്നിറങ്ങുമ്പോൾ സ്വിച്ച് ഓഫ് ചെയ്തുവച്ചിരുന്ന ഫോൺ ഞാൻ ഓൺ ചെയ്തു.അപ്പോൾത്തന്നെ ഒരു ബെൽ മുഴങ്ങി.' ഹലോ' പറഞ്ഞതും മറുപടി ഇങ്ങനെ:
' ഞാൻ സേതുമാധവനാണ്.വിജയകൃഷ്ണൻ ചാനലിൽ പറഞ്ഞത് കേട്ടു. താങ്ക്സ്.'അത്ര തന്നെ. അതിനപ്പുറം ആ വിഷയത്തിൽ എന്തെങ്കിലും പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല.ഞാനദ്ഭുതപ്പെട്ടു.കാരണം, ചെറിയൊരു ചാനലായിരുന്നു അത്. ഒരു വർഷം കഴിഞ്ഞപ്പോൾ സേതുമാധവന് ജെ.സി.ഡാനിയൽ അവാർഡ് ലഭിച്ചു.വാർത്ത വന്ന ദിവസം തന്നെ പഴയ ചാനൽ എന്നെ ചർച്ചയ്ക്ക് വിളിച്ചു അന്ന് സേതുമാധവന് അവാർഡ് ലഭിച്ചതിൽ സന്തോഷം പങ്കു വച്ച എന്നോട് അദ്ദേഹത്തിന്റെ ചലച്ചിത്രകലയുടെ സവിശേഷതകളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ആങ്കർ അധികവും ചോദിച്ചത്.പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ തലേക്കൊല്ലത്തെ മാതിരി തന്നെ എന്റെ ഫോണിൽ ഒരു കാൾ വന്നു.എടുത്തപ്പോൾ ' സേതുമാധവനാണ്.ചാനൽ ചർച്ച കണ്ടിരുന്നു.താങ്ക്സ്.' അതെ.ഡാനിയൽ അവാർഡ് ലഭിച്ച ആ ദിവസവും അദ്ദേഹത്തിന് അമിതമായ ആവേശമോ ആഹ്ലാദമോ ഉണ്ടായില്ല.ഒരു താങ്ക്സിൽ തന്റെ പ്രതികരണമൊതുക്കി.അതാണ് സേതുമാധവൻ.ഋഷിതുല്യനായ ഒരു ചലച്ചിത്രകാരൻ.സിനിമയുടെ ലോകത്ത് അങ്ങനെയൊരാൾ വേറെയുണ്ടാവുമോ?
ഒരിക്കൽ ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിക്കുവേണ്ടി അദ്ദേഹത്തിന്റെ കുറച്ചു ബൈറ്റുകളെടുക്കാൻ ഞാൻ പരിപാടിയിട്ടു.വളരെ പ്രസിദ്ധനായ ഒരു സംവിധായകൻ എന്നോട് പറഞ്ഞു, സേതുമാധവൻ ക്യാമറയുടെ മുൻപിൽ വരില്ല.നിങ്ങൾ പോകുന്നത് വെറുതെയാണ്.പിന്നെയദ്ദേഹം വളരെ പ്രധാനപ്പെട്ട ചില ഡോകുമെന്ററികളിലും ടി.വി.പരിപാടികളിലും മുഖം കാണിക്കാൻ സേതുമാധവൻ വിസമ്മതിച്ചതിന്റെ അനുഭവങ്ങളും പറഞ്ഞു.ഒടുവിൽ അദ്ദേഹം കൂട്ടിച്ചേർത്തു:' ഞാൻ ബെറ്റ് വയ്ക്കാം.നിങ്ങൾക്ക് അങ്ങേരുടെ ബൈറ്റെടുക്കാൻ സാധിക്കില്ല.' അദ്ദേഹം ബെറ്റിൽ പരാജയപ്പെട്ടു.സേതുമാധവൻ എനിക്ക് ബൈറ്റുകൾ തന്നു.അതറിഞ്ഞ പലരും അദ്ഭുതം കൂറി.
' മലയാളസിനിമയുടെ കഥ' എഴുതിയപ്പോൾ അതിലെ ഏറ്റവും വലിയ അദ്ധ്യായം സേതുമാധവനെക്കുറിച്ചുള്ളതായിരുന്നു.
സേതുമാധവനെക്കുറിച്ചു അത്രയും വിപുലമായി എഴുതപ്പെടുന്നത് അതാദ്യമായിട്ടായിരുന്നു.നവതരംഗസംവിധായകരെക്കുറിച്ചു ദീർഘമായി എഴുതുന്നവർക്കാർക്കും സേതുമാധവൻ എഴുതപ്പെടേണ്ട ഒരാളായി തോന്നിയിരുന്നില്ല.കമേഴ്സ്യൽ എന്ന ഒരു വിശേഷണത്തിൽ അവർക്കദ്ദേഹത്തെ ഒഴിവാക്കാൻ കഴിഞ്ഞു.എന്നാൽ, മലയാളസിനിമയിൽ കാലം അവശേഷിപ്പിക്കുന്ന സിനിമകളിൽ ഏറിയ പങ്കും സേതുമാധവന്റേതാണെന്നതാണ് സത്യം.ദേശീയതലത്തിൽ ഏറ്റവുമധികം പുരസ്‌കാരങ്ങൾ നേടിയ മലയാള സംവിധായകൻ അദ്ദേഹമാണ്.സംസ്ഥാന അവാർഡുകൾ ഏർപ്പെടുത്തിയതിന്റെ പിറ്റേക്കൊല്ലം തൊട്ട് മൂന്നുവർഷം തുടർച്ചയായി മികച്ച സംവിധായകനുള്ള അവാർഡ് നേടിയത് അദ്ദേഹമാണ്.തമിഴിൽ ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയതും അദ്ദേഹം തന്നെ.മലയാളത്തിന് ആദ്യമായി സ്വർണ്ണമെഡൽ ലഭിച്ചപ്പോഴുണ്ടായ ആരവങ്ങളുടെ ആയിരത്തിലൊരംശം പോലും അപ്പോഴുണ്ടായില്ല.മലയാളികൾക്കത് തമിഴ് ചിത്രമായിപ്പോയി.തമിഴർക്കത് മലയാളസംവിധായകന്റേതായിപ്പോയി.1995 ൽ സംവിധാനം ചെയ്ത അവസാനചിത്രമായ ' സ്ത്രീ' ( തെലുങ്ക്) യിലൂടെയും അദ്ദേഹം ദേശീയ അവാർഡ് നേടി.


മലയാളത്തിലെ നടീനടന്മാരെക്കൊണ്ട് ഏറ്റവും മികച്ച പ്രകടനം നടത്തിച്ചത് സേതുമാധവനാണ്. 'അനുഭവങ്ങൾ പാളിച്ചകൾ', 'ഒരു പെണ്ണിന്റെ കഥ', 'യക്ഷി', 'വാഴ്വേ മായം', 'ഓടയിൽ നിന്ന്', 'ദാഹം' തുടങ്ങിയ ചിത്രങ്ങളിലൂടെ സത്യൻ, ' അര നാഴികനേര'ത്തിലൂടെ കൊട്ടാരക്കര, 'സ്ഥാനാർത്ഥി സാറാമ്മ',' ഒരു പെണ്ണിന്റെ കഥ', 'വാഴ്വേ മായം', 'ദേവി'തുടങ്ങിയ ചിത്രങ്ങളിലൂടെ ഷീല ' ഓപ്പോളി' ലൂടെ ബാലൻ.കെ.നായർ അങ്ങനെ നീളുന്ന ഒരു പട്ടികയാണത്.
ജീവിതാരംഭകാലത്തു തന്നെ രമണമഹർഷിയുടെ സ്വാധീനമുണ്ടായ സേതുമാധവൻ ചലച്ചിത്രനിർമ്മിതി നിർത്തിയശേഷം കൂടുതൽ കൂടുതൽ ആത്മീയതയിലേക്ക് നീങ്ങി.തന്നെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും ചർച്ച ചെയ്യാൻ വിമുഖനായി.നാലഞ്ചുകൊല്ലം മുൻപ് ഐ എഫ് എഫ് കെ യിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റെട്രോസ്പെക്ടീവിനോടൊപ്പം ' മീറ്റ് ദി ഡയറക്ടർ ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു.എന്നാൽ അദ്ദേഹം വരികയുണ്ടായില്ല.ആധ്യാത്മികകാര്യങ്ങളിൽ മാത്രമേ തനിക്ക് താല്പര്യമുള്ളൂവെന്ന് വരാതിരുന്നതിന്റെ കാരണം തിരക്കിയ എന്നോട് അദ്ദേഹം പറഞ്ഞു.'എന്റെ ഗുരു ആരെന്നറിയാമോ'എന്നദ്ദേഹം എന്നോട് ചോദിച്ചു.'ആര് ' എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു:'വിജയകൃഷ്ണന്റെ അച്ഛൻ'.(ഏതാനും കൊല്ലം മുൻപ് ആത്മീയതയിലുള്ള അദ്ദേഹത്തിന്റെ താല്പര്യം കണ്ട് അച്ഛന്റെ 'സന്യാസി,സന്യാസം, സമുദായം' ഉൾപ്പെടെയുള്ള ചില പുസ്തകങ്ങൾ ഞാൻ അദ്ദേഹത്തിന് നൽകിയിരുന്നു.)
ഒരാഴ്ച മുൻപാണ് സേതുസാറിനെ ഞാൻ അവസാനമായി വിളിച്ചത്.അദ്ദേഹത്തെപ്പറ്റി ഒരു ഡോക്യൂമെന്ററി ചെയ്യാൻ ഞാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞു.' എന്നെ ഷൂട്ട് ചെയ്യില്ലല്ലോ?' എന്നദ്ദേഹം ചോദിച്ചു.' ഇല്ല. ആവശ്യമുള്ള ബൈറ്റ്സ് എന്റെ കൈയിലുണ്ട് ' എന്ന് ഞാൻ മറുപടി പറഞ്ഞു.മാത്രമല്ല,സേതുമാധവൻ ചിത്രങ്ങളിലൂടെ ഒരു ചലച്ചിത്രനിരൂപകന്റെ സഞ്ചാരം എന്ന നിലയ്ക്കാണ് ഞാൻ ഡോക്യൂമെന്ററി ഒരുക്കുന്നതെന്നും മറ്റാരുടെയും ബൈറ്റുകളുണ്ടാവില്ലെന്നും ഞാൻ പറഞ്ഞു. അതദ്ദേഹത്തിന് ഏറെ സന്തോഷകരമായി.' ഡോക്യൂമെന്ററി വരട്ടെ.നമുക്ക് കാണാം.' എന്നദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ഓർക്കുമ്പോൾ എന്റെ നഷ്ടബോധം ഇരട്ടിക്കുകയാണ്.