
അക്കൗണ്ടുടമകളിൽ സ്ത്രീകൾ 55.6%.
ന്യൂഡൽഹി: സാമ്പത്തിക ഉൾപ്പെടുത്തലിന്റെ (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഭാഗമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജൻധൻ യോജന അക്കൗണ്ടുടമകളുടെ എണ്ണം 44.12 കോടിയിലെത്തി. ഈമാസം 15 പ്രകാരമുള്ള കണക്കാണിത്. അക്കൗണ്ടുടമകളിൽ 55.6 ശതമാനവും (24.42 കോടി) സ്ത്രീകളാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ആഗസ്റ്റ് 15 വരെയുള്ള കണക്കുപ്രകാരം പ്രധാനമന്ത്രി ജൻധൻ യോജനയിലെ മൊത്തം നിക്ഷേപം 1.43 ലക്ഷം കോടി രൂപയാണ്. 2014 ആഗസ്റ്റ് 15നാണ് കേന്ദ്രം ജൻധൻ യോജന പദ്ധതി പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എന്നതാണ് മുഖ്യലക്ഷ്യം. കുറഞ്ഞവരുമാനമുള്ള കുടുംബങ്ങളുടെ മൊത്തം ബാങ്ക് അക്കൗണ്ട് വിഹിതം 2014ൽ 53 ശതമാനമായിരുന്നു. നിലവിൽ ഇത് 80 ശതമാനമാണ്.