
മുംബയ് : കുട്ടികൾക്ക് ഐസ്ക്രീം നൽകാൻ വിസമ്മതിച്ച കട തല്ലിത്തകർത്ത് അജ്ഞാതൻ. മുംബയിലെ വസായ്‌യിലാണ് സംഭവം. അർദ്ധരാത്രിയ്ക്ക് ശേഷം കട അടയ്ക്കാനൊരുങ്ങവെ രണ്ട് കുട്ടികളുമായെത്തിയ അജ്ഞാതനാണ് കടയിലെ ഐസ്ക്രീം സ്റ്റോക്ക് മുഴുവൻ നശിപ്പിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
19ന് പുലർച്ചെ 2.11 ഓടെ അജ്ഞാതനായ ഒരാൾ രണ്ട് കുട്ടികളുമൊത്ത് കൗണ്ടറിന് പുറത്ത് നിന്ന് കടയുടമയോട് സംസാരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കടയുടമയോട് സംസാരിക്കുന്ന അജ്ഞാതന്റെ കൈയ്യിൽ സാനിറ്റൈസർ കുപ്പി വയ്ക്കുന്നതിന് സമാനമായ ഒരു മെറ്റൽ സ്റ്റാൻഡ് കാണാം. മെറ്റൽ സ്റ്റാൻഡ് കാട്ടി അജ്ഞാതൻ കടയുടമെയെ ഭീഷണിപ്പെടുത്തുകയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംസാരത്തിനിടെ ക്ഷുഭിതനായ അജ്ഞാതൻ കുട്ടികളോട് അവിടെ നിന്ന് മാറി നിൽക്കാൻ പറയുകയും കടയുടെ പുറത്തു വച്ചിരുന്ന മൂന്ന് ഐസ്ക്രീം ഫ്രീസറുകൾ സ്റ്റാൻഡ് ഉപയോഗിച്ച് തകർക്കുകയും ചെയ്തു. ശേഷം ഇയാൾ മെറ്റൽ സ്റ്റാൻഡ് ദേഷ്യത്തോടെ റോഡിലേക്ക് വലിച്ചെറിയുകയും ദൂരേക്ക് നടന്നു പോകുന്നതുമാണ് കാണാനാവുക. കടയുടമയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ്.