akasa-air

ന്യൂഡൽഹി: ശതകോടീശ്വരനും പ്രമുഖ ഓഹരി നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല പ്രമോട്ടറായുള്ള പുതിയ വിമാനക്കമ്പനിയായ ആകാശ എയർ ബ്രാൻഡ് ലോഗോ പുറത്തിറക്കി. 'റൈസിംഗ് എ" ലോഗോയും 'ഇറ്റ്‌സ് യുവർ സ്‌കൈ" എന്ന ടാഗ്‌ലൈനുമാണ് കമ്പനി അവതരിപ്പിച്ചത്.

സൂര്യൻ, ആകാശത്തിലെ പറവ, ചിറകുകൾ തുടങ്ങി ആകാശക്കാഴ്‌ചകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബ്രാൻഡ് ലോഗോ തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിലെ ഏവരെയും ഓരോപോലെ ഉൾക്കൊണ്ട്, അവർക്ക് ആകാശയാത്ര പ്രാപ്‌തമാക്കുകയെന്ന ലക്ഷ്യമാണ് 'ഇറ്റ്‌സ് യുവർ സ്‌കൈ" എന്ന ടാഗ്‌ലൈൻ മുന്നോട്ടുവയ്ക്കുന്നത്. സൺറൈസ് ഓറഞ്ച്, പാഷനേറ്റ് പർപ്പിൾ എന്നീ നിറങ്ങളോടെയാണ് എയർലൈനിന്റെ പുറംമോടി സജ്ജമാക്കിയിട്ടുള്ളത്.

72 ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനങ്ങൾക്ക് അടുത്തിടെ ആകാശ എയർ ഓർഡർ നൽകിയിരുന്നു. 900 കോടി ഡോളറിന്റേതാണ് ഓർ‌ഡർ. 737-8, 737-8-200 വേരിയന്റുകളാണ് വാങ്ങുന്നത്. ബഡ്‌ജറ്റ് എയർലൈൻ ശ്രേണിയിലേക്ക് കടന്നുവരുന്ന ആകാശ എയർ, 2020 മദ്ധ്യത്തോടെ ചിറക് വിടർത്തുമെന്നാണ് സൂചന. കുറഞ്ഞനിരക്കിൽ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലേക്ക് ആകാശ എയറിലൂടെ പറക്കാനാകും.

കമ്പനിയുടെ സ്ഥാപകാംഗങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സ്ഥാപകൻ വിനയ് ദൂബേയാണ് മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ. ജെറ്റ് എയർവേസിന്റെ മുൻ സി.ഇ.ഒയാണ് അദ്ദേഹം. ഇൻഡിഗോ എയർലൈൻസിന്റെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷ് സഹസ്ഥാപകനാണ്. ബെൽസൻ കുടീഞ്ഞോ, ആനന്ദ് ശ്രീനിവാസൻ, ഭവിൻ ജോഷി, നീലു ഖത്രി, സഞ്ജയ് ദൂബേ, നീരജ് ദൂബേ, പ്രവീൺ ബി. അയ്യർ എന്നിവരാണ് മറ്റ് സ്ഥാപകർ.

ജുൻജുൻവാലയുടെ ആകാശം

ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാല ആകാശ എയറിൽ 260 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് അറിയുന്നത്; 40 ശതമാനം ഓഹരി പങ്കാളിത്തം അദ്ദേഹത്തിനുണ്ടാകും. ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ളോബ് ഏവിയേഷനിൽ ജുൻജുൻവാലയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.

ആകാശ എയറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അങ്കുർ ഗോയൽ, ഇൻഡിഗോയിലെ ട്രഷറി ആൻഡ് ഇൻവെസ്‌റ്റർ റിലേഷൻസ് മേധാവിയായിരുന്നു.