-park-street

കൊൽക്കത്ത: ക്രിസ്മസ് സീസൺ എത്തുന്നതോടെ കൊൽക്കത്ത നഗരത്തിൽ എല്ലാ കണ്ണുകളും പാർക്ക് സ്ട്രീറ്റിലെ മനോഹര കാഴ്ചകളെയാണ് തിരയുക. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം ഇവിടെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല.

എന്നാൽ, ഇത്തവണ 54 അടി നീളമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ ഒരുക്കിയാണ് പാർക്ക് സ്ട്രീറ്റ് ക്രിസ്മസിനെ വരവേൽക്കുന്നത്. നാല് അടി നീളമുള്ള നക്ഷത്രമാണ് അപീജെ ഹൗസ് ലോൻ പരിസരത്ത് ഒരുക്കിയ ട്രീയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

കൊൽക്കത്തയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയാണിത്. ഏകദേശം 30 അടി വ്യാസമുണ്ട് ട്രീയ്ക്ക്. ട്രീയ്ക്ക് സമീപം തന്നെ 7 അടി വീതം ഉയരമുള്ള സാന്റാക്ലോസിന്റെയും മാലാഖയുടെയും രൂപങ്ങളുമുണ്ട്. സാന്റയുണ്ടെങ്കിൽ പിന്നെ റെയിൻഡീറുകളും കാണാതിരിക്കില്ലല്ലോ ! സാന്റയുടെ പ്രിയപ്പെട്ട റെയിൻഡീറായ തിളങ്ങുന്ന ചുവന്ന മൂക്കോട് കൂടിയ റുഡോൾഫ് ഇവിടെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാവുകയാണ്. കൊൽക്കത്തയിൽ പാരമ്പര്യമായി ക്രിസ്മസ് ആഘോഷത്തിന് പ്രസിദ്ധമാണ് പാർക്ക് സ്ട്രീറ്റ്.

 ജിംഗിൾ ബെൽസ്...

 25 പേർ ചേർന്ന് 10 ദിവസത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് ക്രിസ്മസ് ട്രീ ഒരുക്കിയത്. ക്രിസ്മസ് ട്രീയെ അലങ്കരിക്കാൻ വേണ്ടി വന്നവ ചുവടെ ;

 നക്ഷത്രം - 161

 ബോൾ - 350

 ബെൽ - 300

 ഗിഫ്റ്റ് ബോക്സ് - 100

 എൽ.ഇ.ഡി സ്പാർക്കിൾ ലൈറ്റ് - 12,000

 എൽ.ഇ.ഡി റൈസ് ലൈറ്റ് - 1,50,000