fctfhgyh

ന്യൂയോർക്ക്: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്‌പേസ് ഏജൻസികളും ചേർന്ന് നിർമ്മിച്ച 'ദ ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പിന്റെ'(ജെ.ഡബ്ല്യു.എസ്.ടി.) വിക്ഷേപണ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ അരിയാന 5 റോക്കറ്റിൽ ഫ്രഞ്ച് ഗയാനയിലെ കുറുവിൽ നിന്ന് ഇന്ന് ടെലിസ്കോപ്പ് വിക്ഷേപിക്കും. വർഷങ്ങൾ നീണ്ട ഡിസൈനിംഗ്. റീപ്ലാനിംഗ്, എന്നിവയ്ക്ക് ശേഷമാണ് ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വിക്ഷേപണത്തിന് തയ്യാറായിരിക്കുന്നത്. ക്ഷീരപഥമടക്കമുള്ള നക്ഷത്ര സമൂഹങ്ങളുടെ ഉത്ഭവം,​ ഭൂമിയിൽ നിന്ന് വളരെ ദൂരെയുള്ള നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളുടെ അന്തരീക്ഷം പഠിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രധാനമായും ഈ ടെലിസ്കോപ്പിന്റെ വിക്ഷേപണം.1990 ൽ ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ പോരായ്മകൾ ഉൾക്കൊണ്ട് നിർമ്മിച്ച ജെയിംസ് വെബ്ബ് ടെലിസ്കോപ്പിന്റെ നിർമ്മാണച്ചിലവ് 1000 കോടിയോളം രൂപയാണ്. ആറര മീറ്റർ വ്യാസമുള്ള ഈ ടെലിസ്കോപ്പിന് ഹബ്ബിളിനെക്കാൾ നൂറുമടങ്ങ് ശക്തിയുണ്ടെന്നാണ് ഗവേഷകരുടെ വാദം. ഭൂമിയിൽനിന്ന് 15,00,000 കിലോമീറ്റർ അകലെ സെക്കൻഡ് ലാഗ്‌റേഞ്ച് പോയിന്റിനടുത്ത് (എൽ2) സൂര്യനെ ചുറ്റുംവിധമാണ് ജെയിംസ് വെബ്ബിന്റെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. വിക്ഷേപിച്ച് കഴിഞ്ഞാൽ ലക്ഷ്യസ്ഥാനമായ സെക്കൻഡ് ലാഗ്‌റേഞ്ച് പോയന്റിലെത്താൻ ഒരുമാസമെടുക്കും. അതിന് ശേഷം ആറുമാസങ്ങൾ കഴിഞ്ഞേ ടെലിസ്കോപ്പ് ശരിയായ രീതിയിൽ പ്രവർത്തനമാരംഭിച്ച് തുടങ്ങുകയുള്ളൂ.