
ജലന്ധർ:ഇന്ത്യൻ ഇതിഹാസ സ്പിന്നർ ഹർഭജൻ സിംഗ് ക്രിക്കറ്രിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പ്രൊഫഷണൽ ക്രിക്കറ്റിൽ 23 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് 41 കാരനായ ഹർഭജൻ ഔദ്യോഗികമായി വിരമിക്കിൽ പ്രഖ്യാപിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹർഭജന്റെ വിരമിക്കൽ പ്രഖ്യാപനം. 103 ടെസ്റ്റുകളിലും 236 ഏകദിനങ്ങളിലും 28 ട്വന്റി-20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പാമണിഞ്ഞു. ഇന്ത്യയുടെ ഏറ്രവും മികച്ച സ്പി്നർമാരിൽ പ്രഥമഗണനീയനായി പരിഗണിക്കുന്ന ഹർഭജൻ 2007ലെ ട്വന്റി-20ലോകകപ്പും 20111ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
1998ൽ ഷാർജയിൽ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിനത്തിലൂടെയാണ് അന്തരാഷ്ട്ര ക്രിക്കറ്റിൽ ടർബണേറ്രറെന്നും ഭാജിയെനന്നും വിളിപ്പേരുള്ള ഹർഭജൻ അരങ്ങേറിയത്.2016ൽ ധാക്കിയിൽ യു.എ.ഇക്കെതിരായ ട്വന്റി-20യിലാണ് അവസാനമായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ട് ആറ് വർഷമായെങ്കിലും ഐ.പി.എൽ അദ്ദേഹം തുടരുന്നുണ്ടായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള കരാർ കഴിഞ്ഞയിടെ അവസാനിച്ചതോടെ ഹർഭജൻ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
നവജ്യോത് സിംഗ് സിന്ധുവിന്റെ അനുഗ്രഹാശിസുകളോടെ ഹർഭജൻ കോൺഗ്രസ് കുപ്പായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയേക്കുമെന്നും അറിയുന്നു.പ്രമുഖ ഐ.പി.എൽ ടീമിന്റെ കോച്ചിംഗ് സ്റ്റാഫിലും ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഓസീസിനെ മുട്ടുകുത്തിച്ച ഭാജി
2001ലെ ബോർഡർ ഗാവസ്കർ പരമ്പരയിൽ സ്റ്റീവോയുടെ നേതൃത്വത്തിലുള്ള ആസ്ട്രേലിയയെ മുട്ടുകുത്തിച്ച പ്രകടനത്തിലൂടെയാണ് ഹർഭജൻ ഇന്ത്യൻ ക്രിക്കറ്രിലെ സുവർണ നിരയിലേക്ക് ഉയർന്നത്. ആ ടെസ്റ്റ് പരമ്പരയിൽ ഹർഭജൻ മൂന്ന് മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് 32 വിക്കറ്രാണ്. ബാക്കി ഇന്ത്യൻ ബൗളർമാരെല്ലാം കൂടി ആകെ നേടിയത് 17 വിക്കറ്റും. ഈഡൻ ഗാർഡൻസിൽ ഫോളോഓൺ ചെയ്തിടുത്തു നിന്ന് ഇന്ത്യ 171 റൺസിന്റെ ഐതിഹാസിക ജയം നേടിയതിന് പിന്നിൽ പ്രധാന റോളിൽ ഹർഭജൻ ഉണ്ടായിരുന്നു. വി.വി.എസ് ലക്ഷ്മണും രാഹുൽ ദ്രാവിഡും നടത്തിയ വമ്പൻ ചെറുത്തു നില്പിന് ഒപ്പം രണ്ടാം ഇന്നിംഗ്സിൽ ഹാട്രിക്ക് നേടിയ ഹഭജന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹർഭജൻ.
തീരുമാനം നേരത്തേ എടുത്തു
എല്ലാ നല്ല കാര്യങ്ങൾക്കും ഒരവസാനമുണ്ട്. എനിക്ക് എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഞാൻ വിടപറയുകയാണ്. 23 വർഷം നീണ്ട എന്റെ ക്രിക്കറ്റ് ജീവിതം മനോഹരവും ഓർമ്മിക്കത്തക്കതുമാക്കിയ എല്ലാവർക്കും നന്ദി. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
പലവിധത്തിലും താൻ മുൻപേ തന്നെ വിരമിച്ചിരുന്നതായി യൂ ട്യൂബ് വീഡയോയിൽ അദ്ദേഹം പറഞ്ഞു . പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയിൽ ഞാൻ മുൻപേ വിരമിച്ചതാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ചില കരാറുകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ വിരമിക്കാൻ തീരുമാനം എടുത്തിരുന്നു. -ഹർഭജൻ പറഞ്ഞു.
ടെസ്റ്റ്
മത്സരം-103
വിക്കറ്റ് -417
മികച്ച ബൗളിംഗ് -8/84
റൺസ്-2224
ഹൈസ്കോർ-115
ക്യാച്ച് 42
ഏകദിനം
മത്സരം -236
വിക്കറ്റ് -269
മികച്ച ബൗളിംഗ് -5/31
റൺസ് - 1237
ഹൈസ്കോർ-489
ക്യാച്ച് -71
ട്വന്റി-20
മത്സരം -28
വിക്കറ്റ് -25
മികച്ച ബൗളിംഗ് -4/12
റൺസ് -108
ഹൈസ്കോർ-21
ക്യാച്ച് - 7