ibc

ന്യൂഡൽഹി: കിട്ടാക്കടമായ വായ്‌പകൾ തിരിച്ചുപിടിക്കാനായി നടപ്പാക്കിയ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) പ്രകാരമുള്ള വായ്‌പാ റിക്കവറിയിൽ ഉണർവ്. 2020-21 സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) റിക്കവറി നിരക്ക് 26 ശതമാനത്തിൽ നിന്ന് 39.3 ശതമാനത്തിലേക്ക് മെച്ചപ്പെട്ടുവെന്ന് റേറ്റിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

നടപ്പുവർഷത്തെ (2021-22) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 25.5 ശതമാനമായിരുന്നു നിരക്ക്. ജൂലായ്-സെപ്‌തംബറിൽ ഇത് 49.2 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. ഇരുപാദങ്ങളിലെയും ശരാശരി റിക്കവറി നിരക്ക് 35.9 ശതമാനമാണ്. 2020 മാർച്ചിൽ റിക്കവറി നിരക്ക് 45.9 ശതമാനമായിരുന്നു. ഈവർഷം ജൂണിൽ ഇത് 36 ശതമാനമായി താഴ്‌ന്നിരുന്നു.

കേസും റിക്കവറിയും

ഐ.ബി.സിയിൽ കോർപ്പറേറ്റ് ഇൻസോൾവൻസി റെസൊല്യൂഷൻ പ്രോസസിലുള്ള (സി.ഐ.ആർ.പി) കേസുകൾ ഈവർഷം സെപ്‌തംബർപ്രകാരം 4,707 എണ്ണമാണ്. ഇതിൽ 35 ശതമാനം കേസുകൾക്ക് റെസൊല്യൂഷൻ (കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള മാർഗരേഖ) ആയിട്ടുണ്ട്. 30 ശതമാനം കേസുകൾ പണം വീണ്ടെടുക്കുന്ന ഘട്ടത്തിലെത്തി. 15 ശതമാനം കേസുകളിന്മേലുള്ള നടപടികൾ അപ്പീലുകൾ പരിഗണിച്ച് അവസാനിപ്പിച്ചു. 11 ശതമാനം കേസുകൾ ഐ.ബി.സി നടപടികളിൽ നിന്ന് പിൻവലിച്ചു.