
കൊച്ചി: പി.ടി. തോമസിന്റെ ഛായാചിത്രത്തിന് മുന്നിലെ കെടാവിളക്കിന് സമീപം ചിതാഭസ്‌മം നിറച്ച കലശങ്ങൾ വയ്‌ക്കുമ്പോൾ ഭാര്യ ഉമ വിങ്ങി. ധൈര്യം പകർന്ന് മക്കൾ ആശ്വസിപ്പിച്ചപ്പോൾ ഉമ പറഞ്ഞു, 'പി.ടി എന്റെ ശ്വാസമായിരുന്നു മക്കളേ...".
രവിപുരത്തെ ശ്‌മശാനത്തിൽ നിന്ന് നാലു കലശങ്ങളിലാണ് ചിതാഭസ്‌മം പാലാരിവട്ടം വൈലാശേരി റോഡിലെ വീട്ടിൽ കൊണ്ടുവന്നത്. നിറകണ്ണുകളോടെ ഉമ കലശങ്ങൾ ഏറ്റുവാങ്ങി. ഒന്നാം നിലയിൽ പി.ടിയുടെ ചിത്രത്തിന് മുന്നിലെ കെടാവിളക്കിന് സമീപം കലശങ്ങൾ സ്ഥാപിച്ചു.
ഗംഗയിലും വയനാട്ടിലെ തിരുനെല്ലിയിലും ആലുവയിലെ പെരിയാറിലും ചിതാഭസ്മം നിമജ്ജനം ചെയ്യും. ഉപ്പുതോട് കുടുംബ കല്ലറയിലും അടക്കം ചെയ്യും. രാവിലെ 9.15ന് രവിപുരം ശ്‌മശാനത്തിൽ എത്തി മക്കളായ വിഷ്ണുവും വിവേകും പി.ടിയുടെ അനുജൻ വർക്കിച്ചനും ചേർന്നാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്.