ll

കൊല്‍ക്കത്ത : ചാൻസലർ പദവി ഒഴിയാൻ തയ്യാറെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയെതുടർന്ന് കേരളത്തിൽ വിവാദം തുടരവെ സമാനമായ നീക്കവുമായി പശ്ചിമ ബംഗാൾ സർക്കാർ. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ആലോചനയിലാണ് തൃണമൂൽ സർക്കാരെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ നാമനിര്‍ദേശം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.

നിലവിലെ ഗവര്‍ണറും സംസ്ഥാന ഗവര്‍ണറുമായ ജഗ്‌ദ‌ീപ് ധന്‍ഖറുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇതിന് പിന്നിൽ. സര്‍ക്കാരും ഗവര്‍ണറുമായി യാതൊരു സഹകരണവുമില്ലെന്നും ഉള്ളത് ശത്രുത മാത്രമാണെന്നും ബസു കൂട്ടിച്ചേര്‍ത്തു. മാറ്റത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.