
ബംഗളൂരു : പ്രശസ്ത കന്നഡ സിനിമാ സംവിധായകൻ കെ.വി. രാജു ( 67 ) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലെ രാജാജി നഗറിലുള്ള വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. 1982ൽ സഹോദരൻ കെ.വി. ജയറാം സംവിധാനം ചെയ്ത ' ബദാദ ഹൂവു " എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടാണ് രാജു തന്റെ സിനിമ ജീവിതം ആരംഭിച്ചത്.സംഗ്രമ, ബന്ധ മുക്ത, യുദ്ധകാണ്ഡ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. 1991 ൽ അമിതാഭ് ബച്ചൻ, ജയപ്രദ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ' ഇന്ദ്രജീത്ത് " എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ഒരു മകനും മകളുമുണ്ട്.