
സംവിധാനം ചെയ്ത സിനിമകളിലെല്ലാം മനോഹര ഗാനങ്ങൾ വേണമെന്ന നിർബന്ധം എന്നും കെ.എസ്.സേതുമാധവനുണ്ടായിരുന്നു. " സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു " എന്ന ഗാനം അരനാഴിക നേരത്തിലാണ്. അതിന്നും ക്രൈസ്തവ സമൂഹം മരണചടങ്ങുകളിൽ ആലപിക്കുന്നുണ്ട്.അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ' മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ' എന്ന വയലാറിന്റെ ഗാനം എന്നും മതസൗഹാർദ്ദത്തിന്റെ ഉത്തമഗീതമാണ്. യേശുദാസിന് ആദ്യ ദേശീയ അവാർഡ് കിട്ടിയത് ആ ഗാനത്തിനാണ്.
ശ്രീകുമാരൻ തമ്പി രണ്ട് ചിത്രങ്ങളിലെേസേതുമാധവനൊപ്പം പ്രവർത്തിച്ചുള്ളൂ.അതിൽ ഭാര്യമാർ സൂക്ഷിക്കുക എന്ന ചിത്രത്തിലെ 'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം...' എന്ന ഗാനം കാലഘട്ടങ്ങളുടെ കാൽപ്പനിക സങ്കല്പങ്ങളെ കോരിത്തരിപ്പിച്ചു. പണിതീരാത്തവീടിന് ഈണം പകർന്നത് എം.എസ്.വിശ്വനാഥനാണ്. അതിൽ അദ്ദേഹം തന്നെ പാടിയ ' കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ ' എന്ന പാട്ട് ആരു മറക്കും. അതിൽ തന്നെ സുപ്രഭാതം എന്ന ഗാനത്തിലൂടെ ജയചന്ദ്രൻ ആദ്യ ദേശീയ അവാർഡ് കരസ്ഥമാക്കി.ചട്ടക്കാരിയിലെ മന്ദസമീരനിൽ എന്നു തുടങ്ങുന്ന പാട്ട് അടക്കം എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ജൂലി ഐ ലൗവ് യൂ അക്കാലത്ത് യുവതയുടെ ചുണ്ടിലേ ഈണമായിരുന്നു.
ഓപ്പോൾ എന്ന സിനിമയിലെ ' ഏറ്റുമാന്നൂർ അമ്പലത്തിൽ എഴുന്നള്ളത്ത് ' എന്ന ഗാനം എസ്.ജാനകിക്ക് മറ്റൊരു ദേശീയ അവാർഡ് കൂടി നേടിക്കൊടുത്തു.ഈ ക്രിസ്‌മസ് വേളയിൽ ചുക്ക് എന്ന ചിത്രത്തിലെ ' യെരുശലേമിലെ സ്വർഗദൂത' എന്ന പാട്ട് ഓർമ്മിച്ചുപോകുന്നു .എന്നാൽ ആ ചിത്രത്തിലെ തന്നെ ഗാനമായിരുന്നു ഇഷ്ടപ്രാണേശ്വരി.
അനുഭവങ്ങൾ പാളിച്ചകളിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. ' സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ' ,' പ്രവാചകൻമാരെ പറയൂ ', അഗ്നിപർവ്വതം പുകഞ്ഞു ' കല്യാണി കളവാണി' അങ്ങനെ എത്രയെത്ര ഓർമ്മകൾ.
സ്ഥാനാർത്ഥി സാറാമ്മയിൽ അടൂർഭാസിയെക്കൊണ്ട് പാടിച്ച സേതുമാധവൻ ആരോരുമറിയാതെ എന്ന സിനിമയിലൂടെ ' ആ ചാമരം ..എന്നു തുടങ്ങുന്ന ഫിലോസഫിക്കൽ കോമഡി ഗാനവും കേൾപ്പിച്ചു. സേതുമാധവന്റെ സിനിമകളിലെ പാട്ടുകളെക്കുറിച്ച് എത്രയെഴുതിയാലും തീരില്ല.സമയമാം രഥത്തിൽ എന്ന ഗാനത്തിലേപ്പോലെ അദ്ദേഹം തനിയെ കടന്നു പോകുന്നു.