
കുണ്ടറ: ബസിറങ്ങി നടന്നുപോവുകയായിരുന്ന യുവതിയെ ഭർത്താവ് പിന്തുടർന്നെത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ചന്ദനത്തോപ്പിൽ വീട്ടുപകരണങ്ങളുടെ വില്പനശാലയിലെ ജീവനക്കാരി പെരുമ്പുഴ ചിറയടി നീതു ഭവനിൽ നീതുവാണ് (28) ആക്രമണത്തിന് ഇരയായത്.
തമിഴ്നാട് സ്വദേശിയായ ഭർത്താവ് വിക്രത്തിനെ (അംഗപ്പൻ) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കേരളപുരം ജംഗ്ഷനുസമീപം ലെവൽക്രോസിൽ ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വലിയ കൊടുവാളുകൊണ്ട് കഴുത്തിനെ ലക്ഷ്യമാക്കിയാണ് വെട്ടിയത്. ഒഴിഞ്ഞുമാറിയതുകൊണ്ട് തോളിനും കൈക്കും പരിക്കേൽക്കുകയായിരുന്നു. കുടുംബകലഹമാണ് ആക്രമണത്തിനു പിന്നിലെന്ന് വിക്രം പൊലീസിനോട് പറഞ്ഞു. തോളിനും കൈക്കും വെട്ടേറ്റ നീതുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിക്രത്തിനും പരിക്കുണ്ട്. ഇത് സ്വയം ഏൽപ്പിച്ചതാണെന്ന് കരുതുന്നു. ഇയാളെ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പും വിക്രം നീതുവിനുനേരേ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം ഇയാൾ ഒളിവിലായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് ചന്ദ്രബാബു പറയുന്നു.