
കൊല്ലം: ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി മരണമടഞ്ഞ സംഭവത്തിൽ മൂന്നാമനും പിടിയിലായി. പശ്ചിമബംഗാൾ പർഗാനാസിൽ ചാന്ദിപ്പൂർ ശ്രീഹരി സാഹു (38) മരിച്ച സംഭവത്തിൽ നീണ്ടകര ആൽവിൻ ഭവനിൽ ആൽവിൻ (33) ആണ് ഇന്നലെ പിടിയിലായത്.
കേസിൽ ശക്തികുളങ്ങര മരുത്തടി വളവിൽതറ വീട്ടിൽ ക്രിസ്റ്റി ജയിംസ് (45), നീണ്ടകര ബ്രിട്ടോ മന്ദിരത്തിൽ ആന്റണി ജോർജ്ജ് (43) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ശ്രീഹരി സാഹു. ഇയാൾ രണ്ട് സഹപ്രവർത്തകർക്കൊപ്പം 19ന് രാത്രി എട്ട് മണിയോടെ മത്സ്യബന്ധനത്തിന് പോകാനായി ബോട്ടിന് സമീപമെത്തി. ഈസമയം പ്രതികൾ മൂന്ന് പേരെയും തടഞ്ഞുനിറുത്തിയ ശേഷം കരണത്തടിച്ചു. ഇവർ മൂവരും ചേർന്ന് ബോട്ട് ഉടമയേയും കൂട്ടി സ്ഥലത്തെത്തി. പ്രകോപിതരായ പ്രതികൾ ശ്രീഹരി സാഹുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം കടന്നുകളഞ്ഞു. അവശനിലയിൽ സ്ഥലത്ത് കിടന്ന സാഹുവിനെ തൊട്ടടുത്ത ദിവസം സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ വൻകുടൽ പൊട്ടി അണുബാധ ഉണ്ടായതായി സ്ഥിരീകരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഡോക്ടർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.