omicron

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (39) ഇന്ന് ഡിസ്ചാർജായി. യു.കെയിൽ നിന്നും വന്ന ഇദ്ദേഹത്തിന് തുടർ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ഡിസ്‌ചാർജ് ചെയ്‌തത്. അതേസമയം ഇന്ന് സംസ്ഥാനത്ത് എട്ട്പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം -കൊല്ലം ഒന്ന്, ആലപ്പുഴ,എറണാകുളം തൃശൂർ ജില്ലകളിൽ രണ്ട് വീതവും ആളുകൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. റഷ്യയിൽ നിന്നും ഡിസംബർ 22ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയിൽ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറിൽ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയിൽ നിന്ന് 18ന് എറണാകുളത്തെത്തിയ പെൺകുട്ടി (3), യുഎഇയിൽ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയിൽ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂർ സ്വദേശി (48), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശൂർ സ്വദേശിനി (71) എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി.

യു.കെയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയ‌ർപോർട്ടിലെ പരിശോധനയിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. എന്നാൽ കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുന്നു.