
വാഷിംഗ്ടൺ : ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആഗോളതലത്തിൽ മൂവായിരത്തോളം സർവീസുകൾ അവസാന നിമിഷം റദ്ദാക്കി വിമാന കമ്പനികൾ. ഇന്നലത്തേയും ഇന്നത്തേയും ക്രിസ്മസ് ഫ്‌ളൈറ്റുകൾ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തി. ഇന്നലെ രാവിലെ വരെ ആഗോളതലത്തിൽ റദ്ദാക്കലുകളുടെ എണ്ണം 3,000ത്തിലധികമാണെന്നാണ് റിപ്പോർട്ട്. യു.എസിൽ ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയും വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട്.
യുണൈറ്റഡ് എയർലൈൻസ് ഇന്നലെ പന്ത്രണ്ടോളം വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്ത 150 ഫ്‌ളൈറ്റുകൾ റദ്ദാക്കി. ജെറ്റ്ബ്ലൂ, അല്ലെജിയന്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളും ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്ത ഭൂരിഭാഗം വിമാന സർവീസുകളും റദ്ദാക്കി.
അതേ സമയം ആസ്‌ട്രേലിയയിൽ, സിഡ്നിയിലെയും മെൽബണിലെയും വിമാനത്താവളങ്ങളിൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി.വൈറസ് വ്യാപനം തുടരുന്നതിനാൽ വിവിധ മേഖലകളിലെ ജീവനക്കാരുടെ കുറവ് പല രാജ്യങ്ങളിലെയും സേവനങ്ങളെ ബാധിക്കുന്നുവെന്നാണ് വിവരം.അതേ സമയം അവധിക്കാല സീസണിൽ അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുന്നതിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമാണ്.
അതേ സമയം ഒമിക്രോൺ ഭീതിയെ തുടർന്ന് നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ വിലക്കേർപ്പെടുത്തി.കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി യു.എ.ഇ ഭരണകൂടം അറിയിച്ചു. വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അന്യ രാജ്യങ്ങൾ വഴി യു.എഇ.യിൽ എത്തുന്ന യാത്രക്കാർക്ക് അയൽ രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്. പുതിയ തീരുമാനം യു.എ.ഇ
യിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ നാല് രാജ്യങ്ങൾ സന്ദർശിച്ചവർക്കും ബാധകമാണ് .