
ഖാർത്തൂം: സുഡാനിലെ ജനാധിപത്യ അനുകൂലികളുടെപ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമം നടത്തിയ സുരക്ഷാ സേനക്കെതിരെ നടപടി ആവശ്യപ്പെട്ട് തലസ്ഥാനമായ ഖാർത്തൂമിൽ സ്ത്രീകളുടെ പ്രതിഷേധം. സുഡാനിലെ 40ലധികം മനുഷ്യാവകാശസംഘടനകൾ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രസിഡൻഷ്യൽ കൊട്ടാരത്തിന് പുറത്ത് നടന്ന ബഹുജന പ്രക്ഷോഭത്തിടെ 13 സ്ത്രീകളെ സുരക്ഷാ സേന കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സുരക്ഷാ സേനയുടെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ വ്യാഴാഴ്ച ഖാർത്തൂം യു.എൻ മനുഷ്യാവകാശ ഓഫീസിൽ പരാതി നല്കി.
പ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ 18നും 27നുമിടയിൽ പ്രായമുള്ള എട്ട് യുവതികൾ ചികിത്സ തേടിയെത്തിയതായി സാമൂഹിക വികസന മന്ത്രാലയം ലൈംഗികാതിക്രമ പ്രതിരോധ വിഭാഗം മേധാവി സുലൈമ ഇസ്ഹാഖ് പറഞ്ഞു. കുടുംബത്തിലെ സമ്മർദ്ദം കാരണം പല സ്ത്രീകളും അതിക്രമത്തിനിയായ കാര്യം പുറത്തു പറയുന്നില്ലെന്നാണ് വിവരം.
പ്രക്ഷോഭ പരിപാടികളിൽ നിന്ന് സ്ത്രീകളെ അകറ്റാനാണ് സുഡാൻ സുരക്ഷാ സേന ലൈംഗികാതിക്രമം നടത്തുന്നതെന്ന് യു.എസ്,യൂറോപ്യൻ യൂണിയൻ, കാനഡ, , നോർവേ, സ്വിറ്റ്സർലൻഡ്, യു.കെ, എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
അതേസമയം സുഡാൻ ഭരണകൂടം ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ജൂണിൽ ഖാർത്തൂമിലെ സൈനിക ആസ്ഥാനത്ത് ജനാധിപത്യ അനുകൂലികൾ നടത്തിയ സമരത്തിലും സുരക്ഷാസേന വ്യാപകമായ ലൈംഗികാതിക്രമങ്ങൾ നടത്തിയതായി പരാതി ഉയർന്നിരുന്നു.