
തിരുവനന്തപുരം: കഴിഞ്ഞദിവസം രാത്രി പി.എം.ജി ജംഗ്ഷന് സമീപം ആക്രമണം നടത്തിയ സംഭവത്തിൽ പിടിയിലായവരിൽ രണ്ടുപേർ പിടികിട്ടാപ്പുള്ളികളെന്ന് പൊലീസ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫാന്റം പൈലിയെന്ന വർക്കല ഷാജി, കൊലക്കേസ് പ്രതി ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ രതീഷ് എന്ന രതീഷ് എന്നിവരടക്കം അഞ്ചുപേരാണ് ഇന്നലെ പിടിയിലായത്. മോഷണക്കേസിലും പ്രതിയായ രതീഷിനെ മ്യൂസിയം സ്റ്റേഷനിൽ നിന്ന് അയിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നേരത്തെ അയിരൂരിലെ വീട്ടിൽ രതീഷ് മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. കിളിമാനൂരിൽ കൊലക്കേസ് പ്രതിയായ ഇയാൾക്കെതിരെ ചടയമംഗലത്തും കാട്ടാക്കടയിലും കേസുകളുണ്ട്.
ഫാന്റം പൈലിയയെന്ന വർക്കല ഷാജി കൊല്ലം റെയിൽവേ പൊലീസിന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റിലുള്ളയാളാണ്. ചടയമംഗലത്തും ഇയാൾക്കെതിരെ കേസുണ്ട്. മ്യൂസിയം പൊലീസ് ഇയാളെ ചടയമംഗലം പൊലീസിന് കൈമാറി. ഇവരോടൊപ്പം പിടിയിലായ മറ്റ് രണ്ടുപേരെ ജാമ്യത്തിൽ വിട്ടു. പ്രായപൂർത്തിയാകാത്ത മറ്റൊരാളെ വ്യാഴാഴ്ച രാത്രിതന്നെ ജാമ്യത്തിൽ വിട്ടിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ നാട്ടുകാരെ ആക്രമിച്ചതിന് കേസെടുത്തിട്ടില്ല. പരാതികളൊന്നും ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
പള്ളിക്കലിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ കഴിഞ്ഞ സെപ്തംബറിൽ ഷാജിയെയും രതീഷിനെയും അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ളപ്പോൾ മാസങ്ങൾക്ക് മുമ്പ് കൊല്ലത്തുവച്ച് ട്രെയിനിൽനിന്നു ചാടി ഷാജി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾ വീണ്ടും പിടിയിലായത്. അമിത മദ്യലഹരിയിലായിരുന്ന ഇവർ വാഹനം അപകടത്തിൽപ്പെട്ടതിനു പിന്നാലെ നാട്ടുകാരെ ആക്രമിക്കുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.