
പോത്തൻകോട്: പൊലീസ് സ്റ്റേഷന് കേവലം 150 മീറ്റർ മാത്രം അകലെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കാർ യാത്രക്കാരായ പിതാവിനെയും പതിനേഴുകാരിയായ മകളെയും ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മാസങ്ങൾക്ക് മുമ്പ് പള്ളിപ്പുറത്ത് ജുവലറി ഉടമയെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ കവർന്നതുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടും പൊലീസ് ഇരുട്ടിൽത്തപ്പുകയാണ്.
കഴിഞ്ഞ ദിവസം രാത്രി പ്രതികൾ എത്താനിടയുള്ള സ്ഥലങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പോത്തൻകോട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികൾ മൊബൈൽ ഫോണുകൾ ഓഫ് ചെയ്തിരിക്കുന്നതിനാൽ ഈ വഴിക്കുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസിന്റെ കെടുകാര്യസ്ഥതയെ സ്ഥലം എം.എൽ.എയും മന്ത്രിയുമായ ജി.ആർ. അനിൽ ഇന്നലെയും ശക്തമായ ഭാഷയിൽ വിമർശിച്ചു. ആക്രമണത്തിനിരയായ കുടുംബത്തെ മന്ത്രി ഇന്നലെ സന്ദർശിച്ചു.
ബുധനാഴ്ച രാത്രി 8.30നാണ് ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം മടങ്ങിയ വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശി ഷെയ്ക്ക് മുഹമ്മദ് ഷായ്ക്കും മകൾക്കും നേരെ ആക്രമണമുണ്ടായത്. നാലംഗ സംഘമാണ് തങ്ങളുടെ കാറിന് സൈഡ് നൽകിയില്ലെന്നു പറഞ്ഞ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പത്തരയോടെ തൊട്ടടുത്തുള്ള ബാർ ഹോട്ടലിലും ഇതേ സംഘം ആക്രമണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനാകാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.