min

തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡ് മാർച്ചിൽ ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.


കടലാക്രമണത്തിൽ നിന്ന് റോഡിനെ സംരക്ഷിക്കാൻ നിർമ്മിക്കുന്ന കോൺക്രീറ്റ് പാനലുകൾ അടങ്ങിയ ഡയഫ്രം വാൾ നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന ഗൈഡ് വാൾ നിർമ്മാണം 131 മീറ്റർ തീർന്നു. ഫെബ്രുവരി അവസാനത്തോടെ 360 മീറ്റർ നീളമുള്ള ഡയഫ്രം വാൾ നിർമ്മാണം പൂർത്തിയായ ശേഷം ഉടൻ റോഡ് നിർമാണവും തീർക്കും. മന്ത്രി അറിയിച്ചു.


പദ്ധതിക്കായി 12.16 കോടി രൂപയുടെ റിവേഴ്സ് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലമാണ് നിർമ്മാണപ്രവൃത്തികൾ നീണ്ടു പോയതെന്നും നിലവിൽ നിർമ്മാണപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും മന്ത്രി വിലയിരുത്തി.


നിർമ്മാണ പ്രവർത്തനങ്ങൾ നടക്കവെ മെയ് മാസത്തിൽ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലാക്രമണത്തിൽ നിർമ്മാണത്തിലിരുന്ന സ്ഥലങ്ങളിൽ വലിയ കേടുപാടുകൾ സംഭവിക്കുകയും മണ്ണൊലിച്ച് പോവുകയും ചെയ്തിരുന്നു. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ നീണ്ടു പോകുവാൻ കാരണമായിട്ടുണ്ട്. നിർമാണം വൈകിപ്പിക്കുന്ന കരാറുകാർക്ക് പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.