pink-police

ആറ്റിങ്ങൽ: നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പിങ്ക് പൊലീസിന്റെ അതിക്രമത്തിന് ഇരയായ എട്ടുവയസുകാരിയുടെ പിതാവ്. തന്റെ പോരാട്ടം നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയായിരുന്നില്ലെന്നും, മകളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നെന്നും ജയചന്ദ്രൻ വ്യക്തമാക്കി.

നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായത്. ഹൈക്കോടതി നൽകിയ നീതിക്കെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന് ജയചന്ദ്രൻ ആവശ്യപ്പെട്ടു. ' അപ്പീൽ പോകാതെ ഞങ്ങൾക്ക് ആ പൈസ തരികയാണെങ്കിൽ, ഒരു ഭാഗം എന്റെ മോളുടെ പേരിലും, ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, പിന്നെ ഒരു ഭാഗം ആദിവാസി കുട്ടികളുടെ പഠനത്തിനുവേണ്ടിയും ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.'-ജയചന്ദ്രൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവത്തിൽ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നതു കാണാൻ എട്ടുവയസുകാരി ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജംഗ്ഷനിലെത്തിയപ്പോഴാണ് തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് രജിത കുട്ടിയെ അപമാനിച്ചത്. ഫോൺ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു.