
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ത്രീകളുടെ കാര്യമെടുത്താൽ മെലിഞ്ഞിരിക്കുന്ന, ഫിറ്റ്‌നസ് നല്ലപോലെ കാത്തുസൂക്ഷിക്കുന്നവരുമൊക്കെ പ്രസവശേഷം വണ്ണം വയ്ക്കാറുണ്ട്.
ജിമ്മിൽ പോയും ഡയറ്റിലൂടെയും സെലിബ്രിറ്റികളുടെ ഫിറ്റ്‌നസ് വഴികൾ പിന്തുടർന്നുമൊക്കെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. ഇത്തരത്തിലുള്ളയാളുകൾക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സയേഷ. പ്രസവ ശേഷം ഭാരം കുറയ്ക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നടി പറയുന്നു.
ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാൻ ശ്രമിക്കരുതെന്നും, ഒരോരുത്തരുടെയും ആരോഗ്യാവസ്ഥ വ്യത്യസ്തമാണെന്നും സയേഷ വ്യക്തമാക്കി. വർക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മാസങ്ങൾക്ക് മുൻപാണ് ആര്യ-സയേഷ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം
ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പമല്ല, പ്രത്യേകിച്ച് പ്രസവശേഷം. എന്നിരുന്നാലും ഒരാൾ ദൃഢനിശ്ചയത്തോടെ അമിത ഭാരം കുറയ്ക്കാൻ ശ്രമിക്കണം. ഓരോ സ്ത്രീയും അവരുടേതായ രീതിയിൽ സുന്ദരിയാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം ഇത് നമ്മുടെ അവയവങ്ങളിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോഗ്യവാനായിരിക്കണം എന്നതായിരിക്കണം ലക്ഷ്യം. ഇതിന് സമയമെടുക്കും.
ഏതെങ്കിലും ഒരു സെലിബ്രിറ്റിയെ കണ്ട് വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത്. ഓരോ വ്യക്തിയുടേയും ശരീരവും ആരോഗ്യവും വ്യത്യസ്തമായിരിക്കും. എന്റെ കാര്യത്തിൽ, ഫിറ്റ്‌നസ് ഒരു ജീവിതശൈലിയാണ്. അത് എന്നെ സന്തോഷിപ്പിക്കുന്നു.