
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാവപ്പെട്ടവന് നാലു ലക്ഷം രൂപ നൽകി അതുകൊണ്ട് വീട് വയ്‌ക്കണമെന്ന് പറയുന്ന സർക്കാർ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ പുതിയ ടോയ്ലെറ്റ് നിർമ്മിക്കാൻ അനുവദിച്ചത് 4.10ലക്ഷം രൂപ.
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയവേയാണ് അത്യാധുനിക ടോയ്ലെറ്റ് നിർമ്മിക്കാൻ ഭരണാനുമതി നൽകി പൊതുഭരണ ഹൗസ് കീപ്പിംഗ് സെൽ ബി വകുപ്പ് ഉത്തരവായത്. സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലാണ് മന്ത്രിയുടെ ഓഫീസ്. ഈ മന്ദിരത്തിൽ മന്ത്രി എം.വി. ഗോവിന്ദന്റെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
ചീഫ് വിപ്പിന് 25 സ്റ്റാഫ്
ഗവ. ചീഫ് വിപ്പിന് പുതുതായി 17പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കൂടി അനുവദിച്ചതോടെ മൊത്തം സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ആയി. ഇതിലൂടെ മാത്രം പ്രതിവർഷം 3 കോടിയുടെ അധികബാദ്ധ്യതയാണുണ്ടാവുക. ഒരു പ്രൈവറ്റ് സെക്രട്ടറി 2 അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, 2 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ, 4 ഓഫീസ് അറ്റൻഡന്റുമാർ, 5 ക്ലാർക്കുമാർ, ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഒരു അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ്, ഒരു അസിസ്റ്റന്റ് എന്നിവരെയാണ് പുതുതായി നിയമിച്ചത്. 23,000 മുതൽ 1.60ലക്ഷം രൂപ വരെയാണ് ശമ്പളം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി.സി. ജോർജിന് 30 സ്റ്റാഫിനെ അനുവദിച്ചപ്പോൾ എൽ.ഡി.എഫ് രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ പിണറായി സർക്കാരിൽ സി.പി.ഐയിലെ കെ.രാജൻ ചീഫ് വിപ്പായിരുന്നപ്പോൾ പത്ത് സ്റ്റാഫേ ഉണ്ടായുള്ളൂ.
നിയമസഭാ സമ്മേളനകാലത്ത് നിർണായക വോട്ടെടുപ്പുകളിൽ അംഗങ്ങൾക്ക് വിപ്പ് നൽകലാണ് ചീഫ് വിപ്പിന്റെ പ്രധാന ചുമതല. മന്ത്രിപദവിയുള്ള ചീഫ് വിപ്പിന്റെ പ്രവർത്തനത്തിന് അത്രയും സ്റ്റാഫിനെ അനുവദിക്കുന്നതിൽ തെറ്റില്ലെന്നാണ് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചത്.