
തിരുവനന്തപുരം: രാജ്യത്ത് ഒമിക്രോൺ നാശം വിതയ്ക്കുന്നതിന് ഇനി കഷ്ടിച്ച് ഒരു മാസം മാത്രമേ ബാക്കിയുള്ളൂവെന്ന് കേരളത്തിലെ കൊവിഡ് വിദഗ്ദ്ധ സമിതിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. റ്റി എസ് അനീഷ് പറഞ്ഞു. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുന്നത് വിദൂരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള സാഹചര്യം കണക്കിലെടുത്താൽ ഇന്ത്യയിലെ ഒമിക്രോൺ കേസുകളുടെ എണ്ണം രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആയിരം കടക്കുമെന്നും രണ്ട് മാസത്തിനകം ഇത് രണ്ട് ദശലക്ഷം കേസുകളായി വർദ്ധിക്കുമെന്നും ഡോ. അനീഷ് പറഞ്ഞു. അതിതീവ്ര വ്യാപനം ഉടനെ പൊട്ടിപ്പുറപ്പെടുമെന്നും ഇത് തടയേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Global trends show that number of #Omicron cases is going to reach 1000 in 2-3 weeks & one million, maybe, in 2 months. We don't have more than a month before a major outbreak happens in India. We need to prevent this: Dr TS Anish, Member, COVID Expert Committee, Kerala (24.12) pic.twitter.com/XgOx0fphj6
— ANI (@ANI) December 25, 2021
സംസ്ഥാനത്ത് എട്ട് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ കേസുകളുടെ എണ്ണം 37 ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡിസംബർ 12ന് യുകെയിൽ നിന്നും എറണാകുളത്തെത്തിയ ആളിലാണ് കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്.
2022 ജനുവരിയോടെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടറായ ഡോ.സംബിത്ത് പറഞ്ഞു. മുൻപ് ഉണ്ടായിരുന്ന പോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞ മൂന്നാം തരംഗം 2022-ന്റെ തുടക്കത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ കൊവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റി അടുത്തിടെ അറിയിച്ചിരുന്നു.