shan-vijay-sakhare

ആലപ്പുഴ; എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി ഷാനിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ. കൊലപാതകത്തിൽ നേരിട്ടുപങ്കുള്ളവരാണ് പിടിയിലായതെന്നും ഇവരുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


'കേസിലെ മുഖ്യപ്രതികളാണെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പദ്ധതി ആസൂത്രണം ചെയ്തയാളാണ് പ്രധാനപ്പെട്ടത്. അവരും അന്വേഷണ പരിധിയിലാണ്. അന്വേഷണം ആരിലേക്കും പോകാം.'- സംസ്ഥാന നേതാക്കിലേക്ക് അന്വേഷണം നീങ്ങുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ പ്രതികളെയും പിടികൂടാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും വിജയ് സാഖറെ വ്യക്തമാക്കി. അക്രമികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുമെന്നും, പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാൻ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകുന്നതിനിടയിൽ അക്രമിസംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.