
ബാലരാമപുരം: എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വെയിറ്റിംഗ് ഷെഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുടക്കി. ബാലരാമപുരത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
എം വിൻസെന്റ് എം എൽ എ സ്ഥാപിക്കാനൊരുങ്ങിയ വെയിറ്റിംഗ് ഷെഡിന്റെ നിർമാണമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് മോഹനനന്റെ നേതൃത്വത്തിൽ മുടക്കിയത്. പഞ്ചായത്ത് ഭരണ സമിതി നിർമ്മിക്കാനുദ്ദേശിച്ച സ്ഥലത്താണ് എംഎൽഎയുടെ വെയിറ്റിംഗ് ഷെഡ് വരുന്നതെന്നതായിരുന്നു തർക്കമുണ്ടാകാൻ കാരണം.
ഒടുവിൽ ചർച്ച നടത്തി രണ്ട് വെയിറ്റിംഗ് ഷെഡുകൾ നിർമ്മിക്കാൻ ധാരണയായി. ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗേറ്റിനും പൊലീസ് എയ്ഡ് പോസ്റ്റിനും ഇടയിലായിട്ടാണ് രണ്ടു മീറ്റർ വ്യത്യാസത്തിൽ വെയ്റ്റിംഗ് ഷെഡുകൾ വരിക. സ്‌കൂൾ ഗേറ്റിൽ നിന്നുമാറി അഞ്ചുമീറ്റർ നീളത്തിലാണ് ഗ്രാമപഞ്ചായത്ത് വെയ്റ്റിംഗ് ഷെഡ് നിർമിക്കുക. അവിടെ നിന്നും രണ്ടു മീറ്റർ മാറി 15 മീറ്റർ നീളത്തിൽ എംഎൽഎയുടെ വെയിറ്റിംഗ് ഷെഡ് ഉയരും.
ബാലരാമപുരത്തുകാരുടെ കാലാകാലങ്ങളായുള്ള ആവശ്യമായിരുന്നു ജംഗ്ഷനിലെ കാത്തിരിപ്പുകേന്ദ്രം. 14.5 ലക്ഷം രൂപയുടെ മുതൽമുടക്കിലാണ് എംഎൽഎയുടെ വിശ്രമകേന്ദ്രം വരുന്നത്. പഞ്ചായത്തിന്റേത് അഞ്ചു ലക്ഷം രൂപയ്‌ക്കും. സ്ഥലത്തുണ്ടായ സംഘർഷത്തെ തുടർന്ന് റവന്യു, ദേശീയപാത ഉദ്യോഗസ്ഥരും പൊലീസും എത്തിയാണ് പരിഹാരമുണ്ടാക്കിയത്.