
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പടെ പത്ത് സംസ്ഥാനങ്ങളിൽ കേന്ദ്രസംഘം സന്ദർശനം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് കേസുകൾ കൂടി നിൽക്കുകയും പരിശോധനയിൽ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലാണ് സംഘമെത്തുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ സംഘമെത്തുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, മിസോറാം, കർണാടക, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്കാണ് കേന്ദ്ര സംഘമെത്തുന്നത്.
17 സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 415 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. 108 രോഗികളുള്ള മഹാരാഷ്ട്രയാണ് മുന്നിൽ. 79 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയാണ് രണ്ടാമത്. 37 കേസുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7181 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനങ്ങളിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ തങ്ങുന്ന സംഘങ്ങൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് കൊവിഡ് നിയന്ത്രണ സംവിധാനങ്ങൾ ഏകോപിപ്പിക്കും. വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ, ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യത എന്നിവ സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും. കേരളത്തിലെയും മിസോറാമിലെയും കൊവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്നും ഇത് ആശങ്കയുളവാക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ 6.1 ശതമാനമാണ് കഴിഞ്ഞ രണ്ടാഴ്ചത്തെ സ്ഥിരീകരണ നിരക്ക്. സ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതൽ ഉയരുന്നത് കരുതലോടെ കാണണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തും കോട്ടയത്തുമാണ് കേരളത്തിൽ ഏറ്റവും ഉയർന്ന സ്ഥിരീകരണ നിരക്കുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 46 ശതമാനവും കേരളത്തിലാണ്. ദേശീയ തലത്തിൽ ഇത് 72 ശതമാനമാണ്. എന്നാൽ കൊവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലാണ്.
ഒമിക്രോൺ ബാധിക്കുന്നവരിൽ രോഗലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഐ സി എം ആർ ഡയറക്ടർ ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഒമിക്രോൺ കണ്ടെത്തിയ 183 പേരിൽ 121 പേരും ഒമിക്രോൺ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവരാണ്. 44 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേരുടെ വ്യാപന ഉറവിടം കണ്ടെത്താനായില്ല. ഇവരിൽ 87 പേരും പൂർണമായും വാക്സിൻ സ്വീകരിച്ചവരാണ്. മൂന്ന് പേർ മറ്റ് രാജ്യങ്ങളിൽ നിന്നും ബൂസ്റ്റർ ഡോസിനും വിധേയരായവരാണ്. ബാക്കിയുള്ളവരിൽ 20 പേരൊഴികെയുള്ളവർ ഒറ്റ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു.